ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നു വിക്ഷേപിച്ച മിസൈല്‍ അബദ്ധത്തില്‍ പാകിസ്താനില്‍ പതിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഇന്ത്യ. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സാങ്കേതിക പിഴവു കാരണം മാര്‍ച്ച് ഒന്‍പതിനാണു മിസൈല്‍ പാകിസ്താനില്‍ പതിച്ചതെന്നു മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രതികരിച്ചു. സംഭവത്തില്‍ ഇന്ത്യ ഖേദവും പ്രകടിപ്പിച്ചു.
അറ്റകുറ്റപ്പണികള്‍ക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈല്‍ വിക്ഷേപണത്തിന് കാരണമെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു. വിഷയം വളരെ ഗൗരവത്തോടെ കാണുന്നുവെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഹരിയാനയിലെ സിര്‍സ വ്യോമതാവളത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന ഇന്ത്യയുടെ സൂപ്പര്‍സോണിക് മിസൈല്‍ പാകിസ്താന്‍ ഭൂപ്രദേശമായ ഖനേവാള്‍ ജില്ലയിലെ മിയാന്‍ ചന്നുവിനടുത്ത് പതിച്ചുവെന്ന് ഇന്നലെ പാകിസ്താന്‍ സൈന്യം ആരോപിച്ചിരുന്നു. സംഭവത്തില്‍ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യയില്‍നിന്നുള്ള മിസൈല്‍ പാകിസ്താന്റെ പ്രദേശത്തു വീണതായും ജീവഹാനിയൊന്നുമുണ്ടായില്ലെന്നത് ആശ്വാസം നല്‍കുന്ന കാര്യമാണെന്നും പ്രസ്താവനയിലുണ്ട്. സ്‌ഫോടക വസ്തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തില്‍ വിക്ഷേപിക്കപ്പെട്ടത്.
പാകിസ്താന്റെ വ്യോമമേഖലയ്ക്കകത്തു കയറിയ മിസൈല്‍ 100 കിലോമീറ്ററോളം സഞ്ചരിച്ചെന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മിസൈല്‍ പുറപ്പെട്ട സംഭവത്തില്‍ പാകിസ്താനും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ച ഇന്ത്യ പരിശോധിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കണമെന്നും പാകിസ്താന്‍ പ്രതികരിച്ചു. ഹരിയാനയിലെ സിര്‍സയില്‍നിന്നാണ് മിസൈലെത്തിയതെന്ന് പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിക്കര്‍ പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.