മിഷന്‍ പഞ്ചാബ് വിജയം; എഎപിയുടെ ലക്ഷ്യം ഇനി കര്‍ണാടക

മിഷന്‍ പഞ്ചാബ് വിജയം; എഎപിയുടെ ലക്ഷ്യം ഇനി കര്‍ണാടക

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തു നിന്നും പഞ്ചാബിലേക്ക് വളര്‍ന്ന ആംആദ്മി പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യം കര്‍ണാടക. അടുത്തവര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് മുന്നോട്ടു പോകാനുള്ള ഒരുക്കത്തിലാണ് അരവിന്ദ് കേജരിവാളിന്റെ പാര്‍ട്ടി. നഗരങ്ങളില്‍ മാത്രമല്ല ഗ്രാമപ്രദേശങ്ങളിലും പാര്‍ട്ടിക്ക് പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞെന്നാണ് എഎപിയുടെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസിന് പകരം ഒരു ബദലായി ജനം തങ്ങളെ കാണുന്നുവെന്നും ആംആദ്മി പാര്‍ട്ടി നേതാക്കള്‍ കരുതുന്നു.

അടുത്തവര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ബെംഗളൂരു നഗരസഭാതിരഞ്ഞെടുപ്പിലും എഎപി സ്ഥാനാര്‍ഥികള്‍ എല്ലാ വാര്‍ഡുകളിലുമുണ്ടാകും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കര്‍ണാടകത്തിലെ ഒട്ടേറെ പ്രമുഖര്‍ പാര്‍ട്ടിയുടെ ഭാഗമാകുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പൃഥ്വി റെഡ്ഡി പറഞ്ഞു. സംസ്ഥാനത്ത് ബിജെപിക്കും കോണ്‍ഗ്രസിനും ജെഡിഎസിനും ബദലായി തങ്ങള്‍ മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബെംഗളൂരുവില്‍ നഗരസഭാതിരഞ്ഞെടുപ്പില്‍ മുഴുവന്‍ വാര്‍ഡുകളിലും മത്സരത്തിനിറങ്ങാന്‍ എഎപി നേരത്തേ തീരുമാനമെടുത്തിരുന്നു. ഡല്‍ഹിയില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞതിന്റെ മാതൃക മെട്രോ നഗരമായ ബെംഗളൂരുവിലും പയറ്റാനാകുമെന്നാണ് അവര്‍ കരുതുന്നത്. ഡല്‍ഹിയിലും പഞ്ചാബിലും പാര്‍ട്ടിയുണ്ടാക്കുന്ന മാറ്റങ്ങള്‍ ബെംഗളൂരുവിലെ വീടുകള്‍തോറും എത്തിക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം. വരുന്ന മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ നിയമസഭാമണ്ഡലത്തിലേക്കുമുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തുമെന്ന് നേതാക്കള്‍ പറയുന്നു. എഎപി വന്നാല്‍ അത് ഏറെ തിരിച്ചടിയാകുക ജെഡിഎസിനാകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.