പുകവലി ഉപേക്ഷിക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ടോ...? ഇതാ ചില ടിപ്‌സ്...

 പുകവലി ഉപേക്ഷിക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ടോ...? ഇതാ ചില ടിപ്‌സ്...

പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കേള്‍ക്കുന്നതാണ്. കൂടാതെ സിഗരറ്റ് പാക്കറ്റിന് പുറത്ത് തന്നെ എഴുതിവച്ചിട്ടുണ്ടെങ്കില്‍ പോലും അത് വാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവൊന്നും കാണുന്നുമില്ല. പുകവലി ശീലമാകുമ്പോഴാണ് ഇത് നിര്‍ത്താന്‍ സാധിക്കാതെ വരുന്നത്. ശീലം എന്നത് മാനസിന്റെ ആവശ്യമാണ് അത് ശരീരത്തിന്റെ ആയിരിക്കണമെന്നില്ല.

അതിനാല്‍ തന്നെ പുകവലി നിര്‍ത്താന്‍ തീരുമാനിക്കുമ്പോള്‍ പ്രധാനമായും മനസിനെയാണ് പരിഗണിക്കേണ്ടത്. അതിന് സഹായകമാകുന്ന ചില ടിപ്സ് ഒന്ന് നോക്കാം.

ഒന്ന്...

പുക വലിക്കുന്നതിന് പിന്നില്‍ ഓരോരുത്തര്‍ക്കും അവരവരുടെതായ കാരണങ്ങള്‍ കാണാം. ചിലര്‍ക്ക് സ്ട്രെസ് കാരണമാക്കുമ്പോള്‍, മറ്റ് ചിലര്‍ക്കാകട്ടെ ഭക്ഷണം കഴിച്ച ശേഷം ദഹനത്തിനാണെന്ന് വാദിക്കാറുണ്ട്. ഭൂരിപക്ഷം പേരും ഒരു 'രസത്തിന്' എന്ന മറുപടിയാണ് നല്‍കാറ്.

കാരണം ഏതുമാകട്ടെ, നിങ്ങള്‍ക്ക് സ്വയം തോന്നുന്ന കാരണം എന്താണോ അത് ഒരു കടലാസില്‍ എഴുതിവയ്ക്കുക. അത് സ്വയം ബോധ്യത്തില്‍ വയ്ക്കുകയും ചെയ്യുക. ശേഷം ആ കാരണം പ്രായോഗികമായി അഭിമുഖീകരിക്കേണ്ട സമയത്ത് മറ്റെന്തെങ്കിലും കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക.

രണ്ട്...

പുകവലി ഒരു പരിധി വരെ മാനസികമായ ആസ്വാദനമാണ്. അതിനാല്‍ തന്നെ സ്വയം പറ്റിക്കും വിധം മനസിനെ വഴി തിരിച്ചു വിട്ടുകൊണ്ട് പുകവലി നിയന്ത്രിക്കാന്‍ സാധിക്കും. വെറുതെ ഒരു സ്ട്രോ വായില്‍ വച്ച് ഊതി വിടുന്നത് പോലുള്ള കാര്യങ്ങള്‍ ഇതിനായി ചെയ്യാം. ഇത് വിദഗ്ധര്‍ തന്നെ നിര്‍ദേശിക്കാറുള്ള പരിശീലനമാണ് കെട്ടോ.

മൂന്ന്...

നമ്മള്‍ മാനസികമായി മോശം നിലയിലായിരിക്കുമ്പോള്‍ പുകവലി നിര്‍ത്തുക എളുപ്പമല്ല. അതിനാല്‍ സന്തോഷമായിരിക്കുമ്പോള്‍ തന്നെ ഇത് നിയന്ത്രിച്ച് പരിചയിക്കുക.

നാല്...

പുകവലിക്കുന്നവര്‍ മിക്കവാറും അതിനായി ചിലവിടുന്ന പണം എത്രയാണെന്ന് കണക്ക് വച്ച് നോക്കാറില്ല. ധാരാളം പണം ഈ വകയില്‍ നമ്മള്‍ ചിലവിട്ടേക്കാം. ഈ പണം അതത് സമയങ്ങളില്‍ ഒരിടത്ത് സൂക്ഷിച്ചു വച്ചുകൊണ്ട് പുകവലി കുറച്ചു നോക്കുന്നതും ഒരു പരിശീലനമാണ്. ഇങ്ങനെ സൂക്ഷിക്കുന്ന പണം കൊണ്ട് എന്തെങ്കിലും സാധനങ്ങള്‍ നാം നമുക്ക് തന്നെ വാങ്ങി സമ്മാനിക്കുകയും ആവാം. അത്തരം പരിശീലനങ്ങളെല്ലാം അനുകൂലമായ സ്വാധീനം നമ്മളില്‍ ചെലുത്തും.

അഞ്ച്...

പുകവലി നിര്‍ത്താന്‍ തീരുമാനിക്കുമ്പോള്‍ അതിനെ ഓര്‍മ്മപ്പെടുത്തുന്ന എല്ലാം ചുറ്റു പാടുകളില്‍ നിന്ന ്ഒഴിവാകുക. ആഷ് ട്രേ, ലൈറ്ററുകള്‍ എന്നിങ്ങനെ പുകവലിയെ ഓര്‍മ്മിപ്പിക്കുന്ന എന്തും വീട്ടില്‍ നിന്നോ ഓഫീസ് മുറിയില്‍ നിന്നോ ഒഴിവാക്കണം.

ആറ്...

പുകവലിക്കാന്‍ തോന്നുമ്പോള്‍ മനസിനെ വഴി തിരിച്ചുവിടുന്നതിന്റെ ഭാഗമായി പുറത്തേക്ക് പോകാം. എങ്ങോട്ടെങ്കിലും നടക്കാന്‍ പോവുകയോ സുഹൃത്തുക്കളെ കാണുകയോ അവരുമായി സമയം ചിലവിടുകയോ ആവാം. പുകവലി ശീലമുള്ളവരെ ആ സമയങ്ങളില്‍ ഒഴിവാക്കുന്നതാണ് ഉചിതം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.