ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ പാര്‍ട്ടിയില്‍ വന്‍ പടയൊരുക്കം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ ജി-23 നേതാക്കളാണ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുള്ളത്. പ്രചാരണത്തിനു പോലും പോകാത്ത വേണുഗോപാല്‍ സമ്പൂര്‍ണ പരാജയമാണെന്ന് ജി-23 നേതാക്കള്‍ ആരോപിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഒരിടത്തു പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിയാത്തതില്‍ പാര്‍ട്ടിയില്‍ അസ്വസ്ഥത പുകയുകയാണ്. പ്രധാനമായും തിരുത്തല്‍വാദി ശക്തികളായ ജി-23 നേതാക്കളുടെ നേതൃത്വത്തില്‍ ഇപ്പോള്‍ പാര്‍ട്ടി നേതൃത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി.
ജി-23 നേതാക്കളുടെ യോഗം ഇന്നലെ ഗുലാം നബി ആസാദിന്റെ വസതിയില്‍ ചേര്‍ന്നിരുന്നു. ആനന്ദ് ശര്‍മ, മനീഷ് തിവാരി, കപില്‍ സിബല്‍, ഭൂപേന്ദര്‍ സിങ് ഹൂഡ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. കൃത്യമായൊരു തന്ത്രം ഇവര്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് വിവരം. കാരണം, കോണ്‍ഗ്രസിന് നിലവില്‍ ഒരു പൂര്‍ണ സമയ അധ്യക്ഷനില്ല. അതുകൊണ്ടുതന്നെ ഒരു സ്ഥിരം അധ്യക്ഷനെ നിയോഗിക്കേണ്ടത് അനിവാര്യതയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താനാണ് ജി-23 നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.
സമവായം എന്ന നിലയില്‍ ഗാന്ധികുടുംബം മുന്നോട്ടുവെക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലേക്കും ജി-23 എത്തിച്ചേര്‍ന്നിട്ടുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ദേശീയ അധ്യക്ഷനാക്കാനുള്ള നീക്കം ഒരുവശത്ത് നടക്കുന്നുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനുള്ള നീക്കം മറ്റൊരിടത്തും നടക്കുന്നുണ്ട്. ഈ രണ്ടു നീക്കത്തെയും അംഗീകരിക്കേണ്ടതില്ലെന്നാണ് ജി 23 നേതാക്കളുടെ തീരുമാനം.
കോണ്‍ഗ്രസ് സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ജി-23 യോഗത്തിലുണ്ടായത്. ഒരു സ്ഥലത്തുപോലും പ്രചാരണത്തിന് പോകാത്ത ഒരു നേതാവിനെ സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയാക്കേണ്ട കാര്യമുണ്ടോ എന്നാണ് ഇവര്‍ ചോദിക്കുന്നത്. ആ സ്ഥാനത്ത് വേണുഗോപാല്‍ തികഞ്ഞ പരാജയമാണെന്നും നേതാക്കള്‍ വിമര്‍ശിക്കുന്നു.
ഇത് ഉള്‍പ്പെടെ സമൂലമാറ്റം ആവശ്യപ്പെട്ടുള്ള നീക്കമായിരിക്കും വരും ദിവസങ്ങളില്‍ ജി-23 നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തുകയെന്നാണ് സൂചന. അടുത്തുതന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചു ചേരാന്‍ സാധ്യതയുണ്ട്. ആ യോഗത്തില്‍ നേതൃത്വത്തിനെതിരെ നിശിത വിമര്‍ശനം ഉയരുമെന്നുറപ്പാണ്. കമല്‍നാഥ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തിനെതിരെ പരോക്ഷമായി രംഗത്തു വരുന്ന സാഹചര്യമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.