വിവാഹം ഇറ്റലിയിലെ ലാസിയോയിലാക്കാം; 1.68 ലക്ഷം രൂപ ഇങ്ങോട്ട് കിട്ടും!

വിവാഹം ഇറ്റലിയിലെ  ലാസിയോയിലാക്കാം; 1.68 ലക്ഷം രൂപ ഇങ്ങോട്ട് കിട്ടും!

വിവാഹം എത്രത്തോളം വ്യത്യസ്തമായി നടത്താം എന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറ. ആകാശത്തും കടലിന്റെ ആഴങ്ങളില്‍ വരെ വിവാഹം നടത്തി വാര്‍ത്തയില്‍ ഇടം നേടിയവരുണ്ട്. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്, തീം സെറ്റിങ്‌സ്, പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് തുടങ്ങി ഒന്നിനൊന്ന് വ്യത്യസ്തമായിട്ടാണ് ഇന്നത്തെ വിവാഹ ആഘോഷങ്ങള്‍ നടക്കാറുള്ളത്. ഭാരിച്ച ചിലവും ഇത്തരം വിവാഹങ്ങള്‍ക്കുണ്ട്.

എന്നാല്‍ കാര്യമായ ചിലവില്ലാതെ വിവാഹം നടത്താന്‍ ഒരു കിടിലന്‍ ഓഫര്‍ എത്തിയിരിക്കുകയാണ് ഇറ്റലിയിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ ലാസിയോയില്‍ നിന്ന്. ഇവിടെ ചിലവ് പൊതുവേ കുറയുമെന്ന് മാത്രമല്ല 2000 യൂറോ അഥവാ 1.68 ലക്ഷം രൂപ പാരിതോഷികമായി ലഭിക്കുകയും ചെയ്യും. 2022 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ലാസിയോയില്‍ വെച്ച് വിവാഹിതരാകുന്ന ദമ്പതിമാര്‍ക്കാണ് ഈ പ്രത്യേക ഓഫര്‍. ഇതിനായി 10 മില്യണ്‍ യൂറോയാണ് ഭരണകൂടം മാറ്റിവെച്ചിരിക്കുന്നത്.

ഈ പാരിതോഷികം ചിലവുകളിലേക്കായി റീഫണ്ട് ചെയ്യുകയാണ് ചെയ്യുന്നത്. ഇതിനായി 2023 ജനുവരി അവസാനം വരെയോ അല്ലെങ്കില്‍ അനുവദിച്ചിരിക്കുന്ന ഫണ്ട് തീരുന്നതു വരെയോ അപേക്ഷിക്കാവുന്നതാണ്. വിവാഹം നടന്ന ശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിവാഹ പ്ലാനര്‍മാര്‍, വിവാഹ വസ്ത്രങ്ങള്‍, വേദികള്‍, കാറ്ററിംഗ്, പൂക്കള്‍, കാര്‍, ഫോട്ടോഗ്രാഫര്‍മാര്‍ തുടങ്ങിയ ചിലവുകളെ ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ഇറ്റലിയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്നത് ലക്ഷ്യമിട്ടാണ് ലാസിയോയിലെ പ്രദേശിക ഭരണകൂടം ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്. 'ഇന്‍ ലാസിയോ വിത്ത് ലവ്' എന്ന പേരിലാണ് പദ്ധതി. സെന്‍ട്രല്‍ പെനിസ്യുലാറിന്റെ ഭാഗമായ ലാസിയോ ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വസിക്കുന്ന രണ്ടാമത്തെ പ്രദേശവുമാണ്.

തലസ്ഥാനമായ റോം ഉള്‍പ്പെടുന്ന ലാസിയോ വിനോദ സഞ്ചാര രംഗത്ത് ഏറെ സാധ്യതകളുള്ള സ്ഥലം കൂടിയാണ്. ഡെസ്റ്റിനേഷന്‍ വെഡ്ഡിങുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്ന് ഇറ്റലിയാണ്. ഇവിടുത്തെ ചരിത്ര സ്മാരകങ്ങളും ടസ്‌കനി പോലുള്ള പ്രകൃതി മനോഹരമായ സ്ഥലങ്ങളും ലോക പ്രസിദ്ധങ്ങളാണ്.


ഇവിടെയുള്ള തീരദേശ പ്രദേശങ്ങളും തീം വെഡ്ഡിങ് ഡെസ്റ്റിനേഷനുകളില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതോടെ ഇവിടെ നടക്കേണ്ടിരുന്ന നൂറുകണക്കിന് വിവാഹങ്ങളാണ് മാറ്റിവച്ചത്. അതുകൊണ്ടു തന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് രംഗത്ത് തങ്ങളുടെ ആധിപത്യം തിരികെ പിടിക്കുവാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതികളുമായി ഭരണകൂടം എത്തിയിരിക്കുന്നത്.

അതിമനോഹരമായ ഭൂപ്രകൃതിയാണ് ലാസിയോയെ വ്യത്യസ്തമാക്കുന്നത്. വടക്ക് ടസ്‌കാനി, ഉംബ്രിയ, മാര്‍ഷെ, കിഴക്ക് അബ്രൂസോ, മോളിസ്, തെക്ക് കാമ്പാനിയ, പടിഞ്ഞാറ് ടൈറേനിയന്‍ കടല്‍ എന്നിവിടങ്ങളുമായി അതിര്‍ത്തി പങ്കുവയ്ക്കുന്നുണ്ട് ലാസിയോ. ലാസിയോ മൊത്തത്തില്‍ പരന്ന പ്രദേശമാണെങ്കിലും ചില ഇടങ്ങള്‍ പര്‍വ്വത പ്രദേശങ്ങളുമാണ്. ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം ബീച്ചുകളാണ്. അതില്‍ തന്നെ മണല്‍ ബീച്ചുകളാണ് അധികവുമുള്ളത്.

റോമിന്റെ പ്രശസ്തിയില്‍ മങ്ങിപ്പോയ നഗരമെന്നാണ് സഞ്ചാരികള്‍ ലാസിയോയെ വിശേഷിപ്പിക്കുന്നത്. റോമില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കാഴ്ചകളാണ് ഇവിടെയുള്ളത്. അഗ്‌നി പര്‍വ്വതങ്ങള്‍, തടാകങ്ങള്‍, മധ്യകാലത്തിന്റെ അവര്‍ണ്ണനീയമായ ഭംഗിയുമായി നില്‍ക്കുന്ന നഗരങ്ങള്‍, ടൈറേനിയന്‍ കടല്‍, മുന്തിരിത്തോട്ടങ്ങള്‍, ഒലിവ് തോട്ടങ്ങള്‍ എന്നിങ്ങനെ അതിമനോഹരമായ കാഴ്ചകളാണ് ഈ നഗരം സഞ്ചാരികള്‍ക്കായി കാത്തു വച്ചിരിക്കുന്നത്.

മാത്രമല്ല ഇവിടുത്തെ സാംസ്‌കാരിക ഇടങ്ങളും ഏറെ പ്രസിദ്ധമാണ്. ലാസിയോയില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് സുബിയാക്കോ നഗരത്തിലെ മൊണാസ്റ്റെറോ ഡി സാന്‍ ബെനെഡെറ്റോ. പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ആശ്രമവും അതിനോടുത്തുള്ള ചാപ്പലും കാഴ്ചകളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ നിര്‍മിതിക്ക് ചരിത്ര പ്രാധാന്യം ഏറെയുണ്ട്. ലാസിയോയുടെ തെക്ക്-കിഴക്കന്‍ ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഇവിടെ എത്തുവാന്‍ റോമില്‍ നിന്നും ഒരു മണിക്കൂര്‍ ദൂരം സഞ്ചരിക്കണം. യൂറോപ്പിലെ ഏറ്റവും മനോഹരമായ പാര്‍ക്കുകളിലൊന്നായാണ് ലാസിയോയിലെ ടിവോലിയിലെ വില്ല ഗ്രിഗോറിയാന അറിയപ്പെടുന്നത്. താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന പുരാതന അക്രോപോളിസിലെ കൊത്തിയെടുത്ത വളരെ കുത്തനെയുള്ള വില്ല ഗ്രിഗോറിയാന പോപ്പ് ഗ്രിഗറി പതിനാറാമനാണ് നിര്‍മ്മിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.