സിമ്മിങ് പൂള്‍ മുതല്‍ ഹെലിപ്പാഡ് വരെ; ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറിന്റെ വിശേഷങ്ങള്‍

സിമ്മിങ് പൂള്‍ മുതല്‍ ഹെലിപ്പാഡ് വരെ; ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറിന്റെ വിശേഷങ്ങള്‍

സിമ്മിങ് പൂള്‍ മുതല്‍ ഹെലിപ്പാഡ് വരെയുള്ള അത്യാഡംബരങ്ങള്‍ നിറഞ്ഞൊരു കാറിന്റെ വിശേങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയെ. ലോകത്തിലെ ഏറ്റവും നീളം കൂടിയ, 'ദി അമേരിക്കന്‍ ഡ്രീം' എന്ന് പേരിട്ട സൂപ്പര്‍ ലിമോ കാറാണ് 36 വര്‍ഷത്തിനുശേഷം നവീകരിച്ച് വീണ്ടും റെക്കോഡിട്ടിരിക്കുന്നത്. പഴയ റെക്കോര്‍ഡ് മറികടന്നാണ് 2022 മാര്‍ച്ച് ഒന്നിന് ലോകത്തിലെ ഏറ്റവും നീളം കൂടിയ കാര്‍ എന്ന നേട്ടം വീണ്ടും കൈവരിച്ചത്.

1986 ല്‍ കാലിഫോര്‍ണിയയിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ജയ് ഓര്‍ബര്‍ഗാണ് 'ദി അമേരിക്കന്‍ ഡ്രീം' എന്ന കാര്‍ ആദ്യം നിര്‍മ്മിച്ചത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം 30.54 മീറ്ററാണ് നീളം (100 അടി, 1.50 ഇഞ്ച്). സാധാരണ കാറിന്റെ നീളം 12 മുതല്‍ 16 അടിയാണ്. നവീകരിച്ച വാഹനത്തിന്റെ ചിത്രവും വീഡിയോയും ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സിന്റെ വെബ്‌സൈറ്റിലും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആദ്യം നിര്‍മിച്ചപ്പോള്‍ 60 അടിയായിരുന്നു നീളം. 26 ചക്രങ്ങളും ഒരു ജോഡി വി എട്ട് എന്‍ജിനുകളുമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് നവീകരിച്ചതോടെ വാഹനം 30.5 മീറ്ററായി.

നിരവധി ആഡംബരങ്ങളാണ് കാറിലുള്ളത്. ഹെലിപ്പാഡ്, വലിയ വാട്ടര്‍ബെഡ്, ഡൈവിങ് ബോര്‍ഡ് അടക്കമുള്ള വലിയ സിമ്മിങ് പൂള്‍, ജാക്വസി, ബാത്ടബ്, മിനി ഗോള്‍ഫ് കോഴ്‌സ്, എന്നിവയൊക്കെ ഈ കാറില്‍ സജ്ജീകരിച്ചിരിക്കുകയാണ്. 5000 പൗണ്ട് ഭാരം വഹിക്കാനാകുന്ന ഹെലിപ്പാഡാണ് വാഹനത്തില്‍ ഘടിപ്പിച്ചതെന്ന് നവീകരണ ജോലികളില്‍ പങ്കെടുത്ത മിഖായേല്‍ മാന്നിങ് പറഞ്ഞു.

15 അടിയുള്ള ആറ് ഹോണ്ട സിറ്റി സെഡാനുകള്‍ പാര്‍ക്ക് ചെയ്താല്‍ ഈ കാറില്‍ പിന്നെയും സ്ഥലം ബാക്കിയുണ്ടാകും. 'ദി അമേരിക്കന്‍ ഡ്രീമര്‍' ഇരുവശത്ത് നിന്നും ഓടിക്കാന്‍ പറ്റും.



റെഫ്രിജറേറ്റര്‍, ടെലിഫോണ്‍, ടെലിവിഷനുകള്‍, എന്നിവയൊക്കെയുള്ള വാഹനം ഒരേസമയം 75 ലേറെ ആളുകള്‍ക്ക് ഉപയോഗിക്കാനാകുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. പല സിനിമകളിലും പ്രത്യക്ഷപ്പെട്ട ഈ നീളന്‍ കാര്‍ വാടകയ്ക്കും നല്‍കപ്പെടുന്നുണ്ട്. ഷിപ്പിങ്, നിര്‍മാണ സാമഗ്രികള്‍, തൊഴിലാളികളുടെ കൂലി എന്നിവയടക്കം രണ്ടരലക്ഷം ഡോളറാണ് കാര്‍ നവീകരിക്കാന്‍ ചെലവ് വന്നിരിക്കുന്നത്. മൂന്നു വര്‍ഷം കൊണ്ടാണ് നവീകരണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും കാര്‍ നിരത്തിലിറങ്ങില്ല. നീളം കാരണം റോഡുകളില്‍ പാര്‍ക്ക് ചെയ്യുന്നതിനും ഡ്രൈവ് ചെയ്യുന്നതിനും ബുദ്ധിമുട്ടാണ്. ഡെസര്‍ലാന്‍ഡ് പാര്‍ക് കാര്‍ മ്യൂസിയത്തിലെ ക്ലാസിക് കാറുകളിലെ ശേഖരത്തിലാണ് കാര്‍ സൂക്ഷിച്ചുവെക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.