ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരും. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് വൈകുന്നേരം നാലിനാണ് യോഗം. തിരഞ്ഞെടുപ്പ് തോല്‍വിയാണ് പ്രധാന ചര്‍ച്ചാ വിഷയമെങ്കിലും നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമുയരും. ഇതിനുള്ള തയ്യാറെടുപ്പിലാണ് ജി 23 നേതാക്കള്‍.
പ്രവര്‍ത്തക സമിതിയില്‍ 51 അംഗങ്ങളാണുള്ളത്. ഇവരെല്ലാവരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളുടെ ചുമതല വഹിച്ച ജനറല്‍ സെക്രട്ടറിമാര്‍ പരാജയത്തിന്റെ കാരണങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും. അവരുടെ റിപ്പോര്‍ട്ട് യോഗം വിശദമായി ചര്‍ച്ചചെയ്യും. ഇതിനുശേഷം പരാജയത്തിന്റെ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുക്കേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ചനടക്കും.
തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിനുണ്ടായത്. പഞ്ചാബില്‍ ഭരണം നഷ്ടമായ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ തകര്‍ന്നടിയുകയും ചെയ്തിരുന്നു. യുപിയിലെ 399 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച കാശുപോലും നഷ്ടമായി.
കേവലം 2.4 ശതമാനം വോട്ടുമാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. 2017 ല്‍ ഉത്തര്‍പ്രദേശില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 6.25 ശതമാനം വോട്ട് നേടാനായിരുന്നു. വിജയം ഉറപ്പാക്കിയ ഉത്തരാഖണ്ഡിലെ പരാജയത്തിന് പിന്നാലെ മണിപ്പൂരിലും ഗോവയിലും പാര്‍ട്ടി നാമാവശേഷമായി മാറുകയും ചെയ്തു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരേ വലിയ ചോദ്യങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സംഘടനാ തിരഞ്ഞെടുപ്പ് നേരത്തെയാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സ്ഥിരം അധ്യക്ഷനില്ലാതെ ഇനിയും മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന കടുത്ത വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍നിന്ന് ശക്തമായി ഉയരുന്നുണ്ട്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ അധ്യക്ഷനാകേണ്ട കാര്യമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും. ദേശീയ നേതൃത്വത്തിനെതിരേയുള്ള വിമര്‍ശനങ്ങള്‍ സംബന്ധിച്ചും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ പ്രവര്‍ത്തക സമിതിയില്‍ ഉണ്ടായേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.