കോണ്‍ഗ്രസ് പ്രസിഡന്റായി സോണിയ തുടരും, പുതിയ അധ്യക്ഷന്‍ ഉടന്‍; തോല്‍വി പഠിക്കാന്‍ ചിന്തന്‍ ശിബിരം

കോണ്‍ഗ്രസ് പ്രസിഡന്റായി സോണിയ തുടരും, പുതിയ അധ്യക്ഷന്‍ ഉടന്‍; തോല്‍വി പഠിക്കാന്‍ ചിന്തന്‍ ശിബിരം

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു. സോണിയ ഗാന്ധി പ്രസിഡന്റായി തുടരാന്‍ തീരുമാനിച്ച യോഗം എത്രയും പെട്ടെന്ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനും തീരുമാനമെടുത്തു. പുതിയ പ്രസിഡന്റ് വരുന്നതു വരെ നിലവിലെ പ്രവര്‍ത്തക സമിതിയും തുടരും. യോഗം ഗാന്ധി കുടുംബത്തില്‍ പൂര്‍ണ വിശ്വാസം യോഗം രേഖപ്പെടുത്തി. പഞ്ചാബില്‍ അമരീന്ദര്‍ സിംഗിനെ മാറ്റിയത് വലിയ വീഴ്ച്ചയായെന്ന് സോണിയ യോഗത്തില്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയ കാരണം വിലയിരുത്താന്‍ ചിന്തന്‍ ശിബിരം ഉടന്‍ ചേരുമെന്ന് പ്രവര്‍ത്തക സമിതിക്കു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇത് ഉടനുണ്ടായേക്കും.

തെരഞ്ഞെടുപ്പില്‍ ആവിഷ്‌കരിച്ച തന്ത്രങ്ങളെല്ലാം പിഴച്ചുവെന്ന വിലയിരുത്തലാണ് പ്രവര്‍ത്തക സമിതിയില്‍ ഉയര്‍ന്നത്. എന്നാല്‍ ഇതിനു കാരണം ഗാന്ധി കുടുംബമാണെന്ന വിമര്‍ശനങ്ങളോട് ആരും യോജിച്ചില്ലെന്ന് മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. സംഘടന തലത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സോണിയയുടെ ഇടപെടലുണ്ടാകുമെന്നും അദേഹം വ്യക്തമാക്കി.

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം രണ്ടായി കുറഞ്ഞു. നിലവില്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും മാത്രമാണ് കോണ്‍ഗ്രസ് ഭരണം. ഡിസംബറില്‍ ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പുന:സംഘടന വൈകരുതെന്നാണ് വിമത വിഭാഗമായ ജി 23 അടക്കമുള്ള നേതാക്കളുടെ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.