വിദേശത്തേക്ക് പറക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്ത്യയ്ക്കകത്ത് വിമാന യാത്രയ്ക്ക് ചിലവേറും

വിദേശത്തേക്ക് പറക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്ത്യയ്ക്കകത്ത് വിമാന യാത്രയ്ക്ക് ചിലവേറും

ന്യൂഡല്‍ഹി: കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് വ്യോമയാന മേഖല പതിയെ ഉണരുകയാണ്. ആഭ്യന്തര സര്‍വീസുകളെല്ലാം തന്നെ പുനരാരംഭിച്ചു കഴിഞ്ഞു. വിദേശ സര്‍വീസുകളും പതിയെ പഴയപടിയിലേക്ക് എത്തുകയാണ്. എന്നാല്‍ വരും മാസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്കില്‍ ചില അസാധാരണ കാര്യങ്ങള്‍ സംഭവിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ആഭ്യന്തര സര്‍വീസുകളില്‍ ചാര്‍ജ് വര്‍ധിക്കുകയും വിദേശയാത്ര കൂടുതല്‍ ലാഭകരമാകുകയും ചെയ്യും.

രണ്ട് വര്‍ഷത്തെ കോവിഡ് ലോക്ഡൗണുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ശേഷം യാത്രകള്‍ സജീവമായിട്ടുണ്ട്. ഇതിന്റെ ഭാഗാമയി ലോകമെമ്പാടുമുള്ള എയര്‍ലൈനുകള്‍ സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിക്കുകയാണ്. കൂടുതല്‍ സര്‍വീസുകള്‍ വരുന്നതോടെ എയര്‍ലൈന്‍ കമ്പനികള്‍ തമ്മില്‍ മത്സരവും തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് വിദേശ വിമാന ടിക്കറ്റുകള്‍ക്ക് വില കുറയുക.

ലുഫ്താന്‍സ എയര്‍ലൈന്‍സും അതിന്റെ ഗ്രൂപ്പ് കാരിയറായ സ്വിസ് ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സും വരും മാസങ്ങളില്‍ നിലവിലേതിനേക്കാള്‍ ഇരട്ടി വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചു. സിംഗപ്പൂര്‍ എയര്‍ലൈന്‍സും വിമാനങ്ങള്‍ 17 ശതമാനം വര്‍ധിപ്പിക്കും. ഇന്ത്യന്‍ കമ്പനിയായ ഇന്‍ഡിഗോ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 100 ആഗോള വിമാന സര്‍വിസുകള്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം മിക്കപ്പോഴും പരിമിതമായ സീറ്റുകളില്‍ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. ഇതുകാരണം വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്.

ആഭ്യന്തര വിമാനയാത്രയില്‍ പക്ഷേ നിരക്ക് ഉയരുകയാണ്. ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം, ആഭ്യന്തര മേഖലയില്‍ കഴിഞ്ഞ രണ്ടോ നാലോ ആഴ്ചയ്ക്കിടെ വിമാന നിരക്ക് 15-30 ശതമാനം വര്‍ധിച്ചു. ഫെബ്രുവരി 25 നും മാര്‍ച്ച് മൂന്നിനു ഇടയില്‍ ഡല്‍ഹി-മുംബൈ യാത്രയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 5,119 രൂപയ ആയതായി ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ ഇക്സിഗോ അറിയിച്ചു. ഫെബ്രുവരി ഒന്നിനും ഏഴിനും ഇടയില്‍ ഇത് 4,055 രൂപയായിരുന്നു. 26 ശതമാനം കൂടുതലാണ് നിലവിലെ നിരക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.