തിരുവല്ലം കസ്റ്റഡി മരണം; സുരേഷിന്റെ ശരീരത്തിൽ 12 ചതവുകളുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

തിരുവല്ലം കസ്റ്റഡി മരണം; സുരേഷിന്റെ ശരീരത്തിൽ 12 ചതവുകളുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. സുരേഷിന്റെ (42) ശരീരത്തിൽ 12 ചതവുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ പൊലീസിന്റെ വാദങ്ങള്‍ പൊളിഞ്ഞു.

ശരീരത്തില്‍ പരിക്കുകളില്ലെന്നും സുരേഷിന്റെ മരണകാരണം ഹൃദയാഘാതമാണെന്നുമായിരുന്നു പൊലീസ് പറഞ്ഞത്. എന്നാല്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ചതവുകള്‍ ഹൃദ്‌രോഗം വര്‍ധിപ്പിച്ചിരിക്കാമെന്നും അതാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നുമാണ് സുരേഷിനെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറഞ്ഞത്.

കഴിഞ്ഞ മാസം 28 നാണ് തിരുവല്ലം നെല്ലിയോട് മേലെ ടി.സി 65 /776 ചരുവിള പുത്തന്‍ വീട്ടില്‍ പ്രഭാകരന്‍ സുധ ദമ്പതികളുടെ മകനും വെല്‍ഡിംഗ് തൊഴിലാളിയുമായ സുരേഷ് മരിക്കുന്നത്. സുരേഷിന്റെ മരണകാരണം ഹൃദയാഘാതം തന്നെയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പന്ത്രണ്ടോളം ചതവുകളുണ്ട്. ഇത് സ്റ്റേഷനിൽ വെച്ച്‌ പൊലീസ് ഉപദ്രവിച്ചപ്പോള്‍ ഉണ്ടായതാവാനാണ് സാധ്യത. ശരീരത്തിലേറ്റ ഈ ചതവുകളായിരിക്കാം പെട്ടന്നുണ്ടായ ഹൃദയാഘാതത്തിന് കാരണമായത്. അതിനാല്‍ ഈ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

നേരത്തേ പുറത്തു വന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ഹൃദയാഘാതമെന്ന് മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ ഇത് കസ്റ്റഡി മരണമല്ല എന്ന വാദത്തിലാണ് പൊലീസ് ഉറച്ചു നിന്നിരുന്നത്. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത ശേഷം വിശദമായ അന്വേഷണവും ഡോക്ടര്‍മാരുടെ അഭിപ്രായവും തേടിയതു വഴിയാണ് പൊലീസിന്റെ ഈ വാദം പൊളിയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.