കേരള സര്‍ക്കാരിന് ഇത്രയും ആസ്തിയുണ്ടോ?: പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

കേരള സര്‍ക്കാരിന് ഇത്രയും ആസ്തിയുണ്ടോ?: പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ മുടങ്ങുന്നതിന്‍റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.

രണ്ടരവര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ നല്‍കുന്ന സമ്പ്രദായം വേറൊരിടത്തുമില്ലെന്നും സര്‍ക്കാരിന് ഇത്രയും ആസ്തിയുണ്ടോയെന്നും കോടതി ചോദിച്ചു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെന്‍ഷനിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം ചോരുന്നത് വന്‍ തുകയാണ്.

സംസ്ഥാനത്ത് പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന്‍ വാങ്ങുന്ന 1223 പേര്‍ ഉണ്ടെന്നാണ് കണക്ക്. രണ്ട് വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ളവര്‍ക്ക് മിനിമം പെന്‍ഷന്‍ 3550 രൂപായാണ്. സര്‍വീസും തസ്തികയും അനുസരിച്ച്‌ പെന്‍ഷന്‍ കൂടും. 30 വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ള പേഴ്സണല്‍ സ്റ്റാഫുകള്‍ പോലുമുണ്ട്. 2013 എപ്രിലിന് ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷനാണ്.

എന്നാല്‍ പേഴ്സണല്‍ സ്റ്റാഫിന് പങ്കാളിത്ത പെന്‍ഷന്‍ പോലുമല്ല നല്‍കുന്നത്. രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ പേഴ്സണല്‍ സ്റ്റാഫിനെ മാറ്റി അവര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കിയ ശേഷം വേറെ ആളുകളെ നിയമിച്ച്‌ അവര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുന്ന രീതിയും സംസ്ഥാനത്തുണ്ട്.

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നതിനെതിരെ ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പെന്‍ഷന്‍ വിഹിതം നല്‍കാതെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ അനുവദിക്കുന്നത് ശരിയല്ല. ഇത് ഭരണഘടനാവിരുദ്ധമാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സുപ്രീം കോടതിയും സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.