അന്യസംസ്ഥാന തൊഴിലാളി കളുടെ ക്രിമിനില്‍ പശ്ചാത്തലം അറിയണം: റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് മന്ത്രിയുടെ നിര്‍ദേശം

അന്യസംസ്ഥാന തൊഴിലാളി കളുടെ ക്രിമിനില്‍ പശ്ചാത്തലം അറിയണം: റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളുടെ ക്രിമിനല്‍ പശ്ചാത്തലം റിക്രൂട്ട് ചെയ്യുന്നവര്‍ അറിഞ്ഞിരിക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി. ആര്‍ക്കു വേണമെങ്കിലും ഏജന്റായി സ്വയം പ്രഖ്യാപിച്ച് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാമെന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.

ഏജന്റുമാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ എന്ന വ്യാജേന കൊടും കുറ്റവാളികള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി സംസ്ഥാനത്ത് എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ആഭ്യന്തര വകുപ്പ് നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ആലപ്പുഴ ജില്ലയിലെ വെണ്മണി പൊലീസ് സ്റ്റേഷനിലും കാസര്‍കോട് ജില്ലയിലെ ചന്ദ്ര പൊലീസ് സ്റ്റേഷനിലുമായി ഇത്തരത്തില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രിസഭയെ അദ്ദേഹം അറിയിച്ചു.

പൊലീസിനെതിരായ ആക്രമണത്തില്‍ 225 കിറ്റെക്സ് തൊഴിലാളികള്‍ക്കെതിരെ കേസെടുത്തു. ഇതില്‍ 116 പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ വിവരം ആഭ്യന്തര വകുപ്പിന്റെ പരിധിയിലാണെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ എന്തൊക്കെ ചെയ്തിട്ടും അന്യസംസ്ഥാന തൊഴിലാളികള്‍ ഏജന്റുമാരുടെ പിടിയിലാണ്. തൊഴിലാളികളെ ആഴ്ചയിലൊരു ദിവസമേ ഒരുമിച്ചു ചേര്‍ക്കാനാവൂ. ഇവരെ ബോധവല്‍ക്കരിക്കുന്നതിന് ഭാഷാപരമായ പ്രശ്‌നങ്ങളുണ്ട്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ സംസ്ഥാനത്ത് 5,13,359 അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആവാസ് കാര്‍ഡ് വിതരണം ചെയ്തു. 58,888 പേരെ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഒപ്പം അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷനും വിവര ശേഖരണവും നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.