തിരുവനന്തപുരം: സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നിയമസഭയില്‍ അരങ്ങേറിയത്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെ ശക്തമായി എതിര്‍ത്ത വി.ഡി സതീശന്‍ സ്ഥലത്ത് കല്ലിട്ടാല്‍ പിഴുതെറിയുമെന്ന് വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായത് സമരത്തിന്റെ വിജയമാണെന്നും സംസ്ഥാനത്ത് കെ-ഗുണ്ടായിസമാണ് നടക്കുന്നതെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് പി.സി വിഷ്ണുനാഥ് വ്യക്തമാക്കി.
സ്വകാര്യ ഭൂമിയില്‍ കയറി പൊലീസ് അഴിഞ്ഞാടുകയാണ്. സര്‍ക്കാരിന്റേത് ഗുണ്ടായിസമാണ്. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നു. അടുക്കളയില്‍ വരെ മഞ്ഞക്കല്ലുകള്‍ കുഴിച്ചിടുകയാണെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി.
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഫാസിസമാണിത്. ഭരണ പരാജയം മറച്ചുവയ്ക്കാനുള്ള പദ്ധതി. കുഞ്ഞുങ്ങളുടെ മുന്നില്‍ മാതാപിതാക്കളെ വലിച്ചിഴയ്ക്കുന്നു. സാമൂഹികാഘാത പഠനമല്ല, മറിച്ച് സാമൂഹിക അതിക്രമമാണ് നടക്കുന്നത്. കുഞ്ഞുങ്ങളുടെ കണ്ണീരിനപ്പുറം എന്ത് സാമൂഹിക പഠനമാണെന്നും അദ്ദേഹം ചോദിച്ചു.
പദ്ധതി സമ്പന്നര്‍ക്കായി മാത്രമുള്ളതാണ്. ലോക സമാധാനത്തിന് രണ്ട് കോടി നീക്കിവച്ചു. മലയാളിയുടെ സമാധാനം കളയാന്‍ സില്‍വര്‍ പദ്ധതിക്കായി 2000 കോടി നീക്കിവച്ചു. കെ റെയില്‍ വേണ്ട കേരളം മതി എന്ന പ്രതിഷേധവുമായി മുദ്രാവാക്യം ഉയര്‍ത്തി ജനത്തെ പദ്ധതിക്കെതിരെ അണിനിരത്തുമെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ചു. സില്‍വര്‍ ലൈന്‍ കേരളത്തെ തകര്‍ക്കുന്ന പദ്ധതിയാണെന്നും പൊതുഗതാഗത സംവിധാനത്തെ നശിപ്പിക്കുമെന്നും അദ്ദേഹം ആരോപിച്ചു. വരേണ്യ വര്‍ഗത്തിനു വേണ്ടിയാണ് പദ്ധതി. കെ.എസ്.ആര്‍.ടി.സിയെ സ്വാഭാവിക മരണത്തിന് വിട്ടുകൊണ്ട് സില്‍വര്‍ലൈന്‍ നടപ്പാക്കുന്നു. ഇതിന്റെ കടം കേരളത്തിന് താങ്ങാനാകില്ല. ഇരകളാകുന്നത് കേരളം മുഴുവനാണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
പദ്ധതി ലാഭകരമെന്ന് വരുത്തിത്തീര്‍ക്കാന്‍ കണക്കുകളില്‍ കൃത്രിമം നടത്തുന്നു. എതിര്‍ക്കുന്നവരെ കുറ്റപ്പെടുത്തുന്നത് ഏകാധിപതികളാണ്. എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തിയല്ല പദ്ധതി നടപ്പാക്കേണ്ടത്. കേരളത്തെ ബനാന റിപ്പബ്ലിക് ആക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷം പാപ്പരായ അവസ്ഥയിലാണെന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചടിച്ചു. വസ്തുനിഷ്ഠമായി ഒന്നും പറയാനില്ല. എത്രയും വേഗം സില്‍വര്‍ ലൈന്‍ നടപ്പിലാക്കണമെന്നത് പൊതു വികാരമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പദ്ധതി പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലൂടെയാണെന്ന വാദത്തെയും തള്ളി.
സംസ്ഥാനത്ത് പൊലീസ് അതിക്രമം ഇല്ല. ഭാവി തലമുറയ്ക്കുവേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. അതിനാല്‍ ഇത് നടപ്പാക്കിയേ തീരൂ. പ്രതിപക്ഷം വികസന മുന്നേറ്റത്തെ തുരങ്കം വയ്ക്കുകയാണ്. പദ്ധതി സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ പരിപോഷിപ്പിക്കും. വായ്പ്പെടുക്കുന്നതില്‍ ഒരു അസ്വാഭാവികതയുമില്ല. തിരിച്ചടവിന് നാല്‍പ്പതുവര്‍ഷത്തെ സാവകാശവും ലഭിക്കും. പശ്ചിമഘട്ടത്തെ തകര്‍ക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല.കോള്‍ നിയങ്ങളിലെ കൃഷി തടസപ്പെടില്ല.
മാടായിപ്പാറയില്‍ തുരങ്കം വഴിയാണ് പാത കടന്നു പോകുന്നത്. പദ്ധതിക്കായി നിര്‍മ്മിക്കുന്ന തുരങ്കത്തില്‍ നിന്ന് നിര്‍മാണ പ്രവര്‍ത്തനത്തിനായി കല്ലുകിട്ടും. ചെലവ് രണ്ടുലക്ഷം കോടിയാകുമെന്നത് എതിര്‍ക്കാന്‍വേണ്ടി പറയുന്നതാണ്. ഒരു ഹെക്ടറിന് ഒമ്പതുകോടിയാണ് നഷ്ടപരിഹാരം.
സില്‍വര്‍ലൈന്‍ റെയില്‍വേയുമായി ചേര്‍ന്നുള്ള സംരഭമാണ്. പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കില്ല. ഇതിന്റെ ഭാഗമായി സംസ്ഥാനത്തൊരിടത്തും രണ്ടാള്‍ പൊക്കത്തില്‍ മതിലുകള്‍ ഉയരുകയുമില്ല. അതെല്ലാം മറച്ചുവച്ചുകൊണ്ടാണ് കല്ലിളക്കാന്‍ ചിലര്‍ നടക്കുന്നതെന്നും പിണറായി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിക്കുശേഷം പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രധാന പ്രശ്‌നങ്ങള്‍ക്ക് മറുപടി കിട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു സഭാ ബഹിഷ്‌കരണം. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയ നോട്ടീസിന് അപ്രതീക്ഷതമായാണ് ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചര്‍ച്ച ചെയ്യുന്ന ആദ്യത്തെ അടിയന്തര പ്രമേയ നോട്ടീസാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.