'ഹൃദയങ്ങളെ ഉണര്‍ത്തി നമ്മെ അത്ഭുതപ്പെടുത്താന്‍ ദൈവത്തിന് അവസരമേകൂ': ഫ്രാന്‍സിസ് മാര്‍പാപ്പ

   'ഹൃദയങ്ങളെ ഉണര്‍ത്തി നമ്മെ അത്ഭുതപ്പെടുത്താന്‍ ദൈവത്തിന് അവസരമേകൂ': ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവിക വെളിച്ചത്തിലേക്ക് സ്വയം പ്രതിഷ്ഠിക്കുന്നതിലൂടെ നമ്മെ അത്ഭുതപ്പെടുത്താനും ഹൃദയങ്ങളെ ഉണര്‍ത്താനുമുള്ള അവസരം ദൈവത്തിന് നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സുവിശേഷ പ്രചോദിതമായി ആ മാര്‍ഗ്ഗനിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കാന്‍ നോമ്പുകാലത്ത് സവിശേഷ ശ്രദ്ധ ചെലുത്തണമെന്ന് ഞായറാഴ്ച ദിവ്യബലിയിലെ വചന സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു.

മലയില്‍ പ്രാര്‍ത്ഥിക്കുമ്പോഴുള്ള കര്‍ത്താവിന്റെ രൂപാന്തരീകരണം വിവരിക്കുന്ന, നോമ്പുതുറയിലെ രണ്ടാം ഞായറാഴ്ചയിലെ സുവിശേഷ ഭാഗത്തെ അധികരിച്ചായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ സംസാരിച്ചത്. പ്രാര്‍ത്ഥനാ നിരതനായിരിക്കവേ, കര്‍ത്താവിന്റെ രൂപം മാറുകയും വസ്ത്രം തിളങ്ങുകയും ചെയ്തു. ആ മഹത്വത്തിന്റെ വെളിച്ചത്തില്‍ മോശയും ഏലിയാവും പ്രത്യക്ഷപ്പെട്ടു; അപ്പോസ്തലന്മാരായ പത്രോസും യോഹന്നാനും യാക്കോബും വിസ്മയത്തോടെ ആ വിശുദ്ധ സംഗമത്തിനു സാക്ഷ്യം വഹിച്ചു.

അപ്പോസ്തലന്മാര്‍ ഉറക്കത്തിനു കീഴടങ്ങിയ ശേഷമാണ് 'പൂര്‍ണ്ണമായി ഉണര്‍ന്ന്' കര്‍ത്താവിന്റെ മഹത്വം കണ്ടതെന്ന് ലൂക്കോസിന്റെ സുവിശേഷത്തില്‍ നാം വായിക്കുന്നു.അസാധാരണ വേളകളിലെ ശിഷ്യന്മാരുടെ മയക്കം ആശ്ചര്യകരമാണ്, മാര്‍പ്പാപ്പ നിരീക്ഷിച്ചു.പീഡാസഹനത്തിലേക്കു കടക്കവേയുള്ള ഗെത്സെമനിലെ യേശുവിന്റെ വേദനാജനകമായ പ്രാര്‍ത്ഥനയ്ക്കിടെയും ശിഷ്യന്മാര്‍ ഉറങ്ങി.

യേശു പ്രാര്‍ത്ഥനയിലായിരിക്കുമ്പോള്‍, രൂപാന്തരീകരണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് അവര്‍ ഉറങ്ങിപ്പോയി. ഉറക്കം കീഴ്‌പ്പെടുത്തുന്നതുവരെ ശിഷ്യന്മാരും അവനോടൊപ്പം പ്രാര്‍ത്ഥനയിലായിരുന്നിരിക്കാം. നമ്മുടെ സ്വന്തം ജീവിതത്തിലും ഇത് ആവര്‍ത്തിക്കപ്പെടുന്നു. തിരക്കേറിയ ഒരു ദിവസത്തിന് ശേഷം പ്രാര്‍ത്ഥിക്കാനും കുടുംബവുമായി ഇടപഴകാനും ആഗ്രഹിക്കുമ്പോള്‍ 'അസുലഭമായ ഉറക്കം' നമ്മെ പുണരുന്നു.ജാഗരൂകരാകാന്‍ കൊതിക്കുമ്പോഴും നമുക്ക് ശക്തിയില്ലാതാകുന്നു. ഉണര്‍ന്നിരിക്കാനും കൂടുതല്‍ ശ്രദ്ധാലുവായിരിക്കാനും ഇടപെടാനും നമ്മള്‍ പാടുപെടുന്നു.

ഉള്ളിലെ ആലസ്യം നീക്കാനാകണം

നോമ്പുകാലം നമ്മുടെ ഉള്ളിലെ ആലസ്യം നീക്കാനുള്ള മികച്ച അവസരമാണ് നല്‍കുന്നത്. എന്നാല്‍ നമുക്ക് അത് സ്വയം ചെയ്യാന്‍ കഴിയണമെന്നില്ല. അതിനുള്ള കൃപയ്ക്കായി നാം പ്രാര്‍ത്ഥിക്കേണ്ടതുണ്ടെന്ന് മാര്‍പാപ്പ വിശദീകരിച്ചു. ദൈവാത്മാവിന്റെ ശക്തിയാല്‍ ശരീരത്തിന്റെ ക്ഷീണത്തെ നമുക്ക് മറികടക്കാന്‍ കഴിയും.പക്ഷേ, ഉള്ളിലെ ആലസ്യത്താല്‍ ബുദ്ധിമുട്ടുമ്പോള്‍, നാം സഹായത്തിനായി പരിശുദ്ധാത്മാവിനോട് അപേക്ഷിക്കണം: 'പരിശുദ്ധാത്മാവേ, വരൂ, എന്നെ സഹായിക്കൂ, യേശുവിനെ കണ്ടുമുട്ടാനും ശ്രദ്ധയോടെയും ഉണര്‍ന്നിരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.' സ്വന്തം ശക്തിയാല്‍ ഉണര്‍ന്നിരിക്കാന്‍ കഴിയാതെ പോയ മൂന്ന് ശിഷ്യന്മാര്‍ രൂപാന്തരീകരണ സമയത്ത്, യേശുവിന്റെ വെളിച്ചം വലയം ചെയ്തപ്പോള്‍ ഉണര്‍ന്നു.

'നമുക്കും ദൈവത്തിന്റെ വെളിച്ചം ആവശ്യമാണ്. അത് നമ്മെ മറ്റൊരു വിധത്തില്‍ കാര്യങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്നു; വിശുദ്ധിയിലേക്ക് ആകര്‍ഷിക്കുന്നു. നമ്മെ ഉണര്‍ത്തുന്നു; പ്രാര്‍ത്ഥിക്കാനും മനസിന്റെ ഉള്ളറകളിലേക്കു നോക്കാനും മറ്റുള്ളവര്‍ക്കായി സമയം ചെലവഴിക്കാനുമുള്ള നമ്മുടെ ആഗ്രഹവും ശക്തിയും പുനരുജ്ജീവിപ്പിക്കുന്നു.നോമ്പുകാലത്ത്, നമുക്ക് എപ്പോഴും ദൈവത്തിന്റെ വെളിച്ചത്തില്‍ നമ്മെത്തന്നെ പ്രതിഷ്ഠിക്കാന്‍ കഴിയണം.'

മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും പ്രചോദനത്തിനുമായി സുവിശേഷം വായിച്ചുകൊണ്ട് 'നമ്മെ അത്ഭുതപ്പെടുത്താനും നമ്മുടെ ഹൃദയങ്ങളെ ഉണര്‍ത്താനും ഉള്ള അവസരം' കര്‍ത്താവിന് നല്‍കാനും ശ്രമിക്കണം- മാര്‍പ്പാപ്പ നിര്‍ദ്ദേശിച്ചു. ക്രൂശിക്കപ്പെട്ട യേശുവിനെ ധ്യാനിക്കുന്നതിലൂടെയും ദൈവത്തിന്റെ അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ അത്ഭുതം അനുഭവിച്ചറിയുന്നതിലൂടെയും അതു സാധ്യമാക്കാനാകും.

അങ്ങനെ സംഭവിച്ചാല്‍ നാം ഒരിക്കലും തളരില്ല. നമ്മുടെ ദിവസങ്ങളും രൂപാന്തരപ്പെടും.ജീവിതത്തിന് പുതിയ അര്‍ത്ഥം കൈവരും.പുതിയതും അപ്രതീക്ഷിതവുമായ വെളിച്ചം ജീവിതത്തില്‍ നിറയും. നമ്മുടെ ഹൃദയങ്ങളെ ഉണര്‍ത്താനും ദൈവം പ്രത്യേകമായി കൃപ ചൊരിയുന്ന ഈ സമയത്തെ സ്വാഗതം ചെയ്യാനും കന്യകാമറിയം നമ്മെ സഹായിക്കട്ടെ:ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26