ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയുടെ സഹ സ്ഥാപകയായ വിശുദ്ധ ലൂയിസ് ഡീ മരിലാക്ക്

ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയുടെ സഹ സ്ഥാപകയായ വിശുദ്ധ ലൂയിസ് ഡീ മരിലാക്ക്

അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 15

തവത്സര സമരത്തിലൂടെ പ്രസിദ്ധനായിത്തീര്‍ന്ന ലൂയി മരിലാക്കിന്റെ മകളാണ് ലൂയിസ് ഡീ മരിലാക്ക്. 1591 ഓഗസ്റ്റ് 12 നായിരുന്നു ജനനം. മൂന്ന് വയസുള്ളപ്പോള്‍ അമ്മ മരിക്കുകയും പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. രാജധാനിയിലെ ഒരുന്നത ഉദ്യോഗസ്ഥനായിരുന്ന ആന്റണി ലെ ഗാര്‍സ് ആയിരുന്നു ലൂയിസ് ഡി മരിലാക്കിന്റെ ഭര്‍ത്താവ്.

1625 ല്‍ അദ്ദേഹം മരണപ്പെട്ടതോടെ ലൂയിസ് ഡീ മരിലാക്ക് വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ സജീവ പ്രവര്‍ത്തകയായി തീര്‍ന്നു. വിന്‍സെന്റ് ഡി പോള്‍ ഇടക്കിടെ അവിടം സന്ദര്‍ശിക്കുകയും മരിലാക്കിനെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു.

'മാഡമോയിസെല്ലെ ലെ ഗാര്‍സ്' എന്ന് പരക്കെ അറിയപ്പെട്ടിരുന്ന വിശുദ്ധ, വിന്‍സെന്റ് ഡി പോളിനൊപ്പം ചേര്‍ന്ന് 'ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി' എന്ന സന്യാസിനീ സഭ ആരംഭിച്ചു. രോഗികളുടെ മുറികള്‍ അവരുടെ ആശ്രമങ്ങളും, ഇടവക ദേവാലയം അവരുടെ ചാപ്പലും, നഗരത്തിലെ തെരുവുകള്‍ അവരുടെ കന്യകാമഠങ്ങളുമായിതീര്‍ന്നു.

പ്രസ്തുത സഭയിലെ സന്യാസിനീ ജീവിത സമ്പ്രദായത്തിന്റെ പ്രാഥമിക നിയമാവലിയുടെ കരട് രൂപം തയ്യാറാക്കിയത് ലൂയിസ് ഡീ മരിലാക്കായിരുന്നു. അവരുടെ ബുദ്ധി കൂര്‍മ്മതയും സഹതാപവും ആ സന്യാസിനീ സഭയുടെ വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. അവിടത്തെ സന്യാസാര്‍ത്ഥിനികളുടെ പരിശീലനത്തിന്റേയും ആത്മീയ പോഷണത്തിന്റെയും ഉത്തരവാദിത്വം ലൂയിസ് ഡീ മാരിലാക്കിനായിരുന്നു. വിശുദ്ധ മരിക്കുന്ന സമയത്ത് നാല്‍പ്പതില്‍ കൂടുതല്‍ കന്യകാസ്ത്രീ മഠങ്ങള്‍ ഫ്രാന്‍സില്‍ ഉണ്ടായിരുന്നു.

കൂടാതെ പാരീസിലെ 26 ഓളം ഇടവകകളിലായി രോഗികളേയും പാവപ്പെട്ടവരേയും ശുശ്രൂഷിക്കുകയും നൂറുകണക്കിന് അഗതികളായ സ്ത്രീകള്‍ക്ക് അഭയം നല്‍കുകയും ചെയ്തു. ഇതിനു പുറമേ വേറെ നിരവധി ശുശ്രൂഷാ സംരംഭങ്ങള്‍ ലൂയിസ് ഡീ മരിലാക്കിന്റെ കീഴില്‍ ഉണ്ടായിരുന്നു.

വിശുദ്ധ ലൂയിസ് ഡി മരിലാക്ക് ശാരീരികമായി ബലഹീനയായിരുന്നെങ്കിലും അവളുടെ അപാരമായ സഹനശക്തിയും നിസ്വാര്‍ത്ഥമായ ദൈവഭക്തിയും വിശുദ്ധ വിന്‍സെന്റ് ഡീ പോളിനെ തന്റെ പ്രവര്‍ത്തങ്ങളില്‍ വളരെയധികം സഹായിക്കുകയും അദ്ദേഹത്തിന് കരുത്തായി മാറുകയും ചെയ്തിട്ടുണ്ട്. 1660 ല്‍ തന്റെ അറുപത്തൊമ്പതാം വയസില്‍ മരണമടഞ്ഞ ലൂയിസ് ഡീ മരിലാക്കിനെ 1934 ല്‍ വിശുദ്ധയായി പ്രഖ്യാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ലെയോക്രീഷ്യ

2. റോമയിലെ മാഞ്ചിയൂസ്

3. പടയാളിയായ ലൊഞ്ചിനൂസ്

4. തെസ്‌ലോനിക്കായിലെ മട്രോണ

5. മൊറാവിയായിലെ ക്ലെമന്റ് മേരിഹോഫ് ബോവെയര്‍

6. ഈശോയുടെ 72 ശിഷ്യന്മാരിലൊരാളായ അരിസ്റ്റോബുളൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26