'പരമാവധി ഉക്രേനിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കും': ഫ്രാന്‍സിസ് മാര്‍പാപ്പയോട് സ്ലൊവാക്യന്‍ പ്രധാനമന്ത്രി

 'പരമാവധി ഉക്രേനിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കും': ഫ്രാന്‍സിസ് മാര്‍പാപ്പയോട് സ്ലൊവാക്യന്‍ പ്രധാനമന്ത്രി


വത്തിക്കാന്‍ സിറ്റി:റഷ്യന്‍ അധിനിവേശത്തിനിടെ പലായനം ചെയ്യുന്ന ഉക്രേനിയന്‍ അഭയാര്‍ത്ഥികളെ ഹൃദയപൂര്‍വം സ്വീകരിക്കുന്നതിനുള്ള സന്നദ്ധത ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു മുന്നില്‍ വ്യക്തമാക്കി സ്ലൊവാക്യയുടെ പ്രധാനമന്ത്രി എഡ്വേര്‍ഡ് ഹെഗര്‍. മാര്‍പാപ്പയും പ്രധാനമന്ത്രിയും ഉക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ച് 'ആഴത്തില്‍' ചര്‍ച്ച ചെയ്‌തെന്ന് വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രസ് ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

2021 സെപ്റ്റംബറില്‍ സ്ലൊവാക്യയിലേക്കു മാര്‍പാപ്പ നടത്തിയ ത്രിദിന അപ്പസ്തോലിക യാത്രയ്ക്കു നന്ദി പറയാനാണ് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഹെഗര്‍ എത്തിയത്. യുദ്ധ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും പ്രത്യേക ചര്‍ച്ച നടത്തി.യുദ്ധത്തിന്റെ ഭീകരതയില്‍ നിന്ന് പലായനം ചെയ്യുന്ന ഉക്രേനിയക്കാരെ സ്വാഗതം ചെയ്യുന്നതിനുള്ള ശേഷി  കഴിയുന്നത്ര വര്‍ദ്ധിപ്പിക്കാന്‍ സ്ലൊവാക്യയ്ക്ക് പദ്ധതിയുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ഫെബ്രുവരി 24 ന് റഷ്യ അയല്‍രാജ്യത്തെ ആക്രമിച്ചതിനുശേഷം ഏകദേശം 200,000 ഉക്രേനിയന്‍ അഭയാര്‍ത്ഥികളാണ് സ്ലൊവാക്യയിലെത്തിയത്.പ്രതിദിനം എത്തിച്ചേരുന്നവരുടെ എണ്ണം നിലവില്‍ 10000-12000 വരുന്നുണ്ടെന്ന് ഹെഗര്‍ പറഞ്ഞു. ആക്രമണം ശക്തമാകുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഈ എണ്ണം വര്‍ദ്ധിക്കുമെന്ന് കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



തുടര്‍ന്ന് സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, രാജ്യാന്തര ബന്ധങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗെര്‍ എന്നിവരുമായി സ്ലോവാക് പ്രധാനമന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തി. 2.6 ദശലക്ഷത്തിലധികം ആളുകളെ രാജ്യം വിട്ടുപോകാന്‍ നിര്‍ബന്ധിതരാക്കിയ യുദ്ധത്തെക്കുറിച്ച് തങ്ങള്‍ വിശദമായി സംസാരിച്ചെന്ന് ഹെഗര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.