ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി; നിയമ പോരാട്ടം സുപ്രീം കോടതിയിലേക്ക്

ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി; നിയമ പോരാട്ടം സുപ്രീം കോടതിയിലേക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അവിഭാജ്യ  ഘടകമല്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം കര്‍ണാടക ഹൈക്കോടതി ശരിവച്ചു. ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്ന് കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചു. യൂണിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പി.യു കോളേജ് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ അറിയിച്ചു.

ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 11 ദിവസം വാദം കേട്ട ശേഷമാണ് കേസില്‍ വിധിപറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാര്‍. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ ഏകാംഗ ബെഞ്ച് രണ്ടു ദിവസത്തെ വാദം കേട്ടശേഷം ഹര്‍ജികള്‍ വിശാല ബെഞ്ചിനു വിടുകയായിരുന്നു.

വിധി പ്രഖ്യാപനത്തിന് മുന്നോടിയായി ബെംഗളൂരു നഗരത്തില്‍ ചൊവ്വാഴ്ച മുതല്‍ 21 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടികള്‍, ആഹ്ലാദപ്രകടനങ്ങള്‍, കൂടിച്ചേരലുകള്‍ എന്നിവ പാടില്ലെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ കമാല്‍ പന്ത് ഉത്തരവില്‍ വ്യക്തമാക്കി. ധര്‍വാദ്, കല്‍ബുര്‍ഗി ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശിവമോഗ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ സ്‌കൂളുകളും കോളേജുകളും ഇന്ന് അടഞ്ഞു കിടക്കുകയാണ്.

റംസാന്‍ കാലത്ത് ഹിജാബ് ധരിക്കാന്‍ അനുവദിച്ച് ഇടക്കാല ഉത്തരവിറക്കണമെന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ വിദ്യാര്‍ഥിനികളുടെ അഭിഭാഷകന്‍ വിനോദ് കുല്‍ക്കര്‍ണി ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു. ഹിജാബ് ധരിക്കണമെന്ന് ഖുര്‍ ആനില്‍ ഇല്ലെന്ന വാദത്തെ വിനോദ് കുല്‍ക്കര്‍ണി എതിര്‍ത്തു. 1400 വര്‍ഷം പഴക്കമുള്ള ആചാരമാണ് ഹിജാബ് ധരിക്കലെന്നും അത് സമൂഹത്തിന്റെ പൊതുവ്യവസ്ഥയെയോ ധാര്‍മികതയെയോ ആരോഗ്യത്തെയോ ബാധിക്കുന്നില്ലെന്നും പറഞ്ഞു. ഹിജാബ് നിരോധിച്ചപ്പോഴാണ് പ്രശ്നങ്ങളുണ്ടായതെന്നും അദ്ദേഹം വാദിച്ചിരുന്നു.

ജനുവരിയിലാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം രൂക്ഷമായത്. ഉഡുപ്പി ഗവണ്‍മെന്റ് വനിതാ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലാണ് ഹിജാബ് വിവാദം തുടങ്ങിയത്. ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധം പിടിച്ച ആറു വിദ്യാര്‍ഥിനികളെ ക്ലാസില്‍ നിന്നും പുറത്താക്കിയതോടെയായിരുന്നു ഇത്. തുടര്‍ന്ന് ഈ വിദ്യാര്‍ഥിനികള്‍ സമര രംഗത്തെത്തി.

പ്രതിഷേധം ശക്തിയാര്‍ജിക്കുന്നതിനിടെ കോളേജുകളില്‍ യൂണിഫോം കോഡ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെയാണ് പ്രതിഷേധം കൂടുതല്‍ കോളേജുകളിലേക്ക് പടര്‍ന്നത്. ഇതിനിടെ കാവിഷാള്‍ ധരിച്ച് മറ്റൊരുവിഭാഗം വിദ്യാര്‍ഥികളും എത്തിയതോടെ പല കാമ്പസുകളും സംഘര്‍ഷത്തിന് വഴിമാറുകയായിരുന്നു.

ഉഡുപ്പി കോളേജില്‍ സമരരംഗത്തിറങ്ങിയ ആറുപേരുള്‍പ്പെടെ ഏഴ് വിദ്യാര്‍ഥിനികളാണ് ഹിജാബ് വിലക്കിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് മറ്റു ചിലരും ഹര്‍ജികള്‍ നല്‍കി.

ഹര്‍ജികളില്‍ അന്തിമതീര്‍പ്പുണ്ടാകുന്നതുവരെ യൂണിഫോം നിര്‍ബന്ധമാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ഉള്‍പ്പെടെയുള്ള മതപരമായ വസ്ത്രങ്ങള്‍ വിലക്കി വിശാലബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.