മീഡിയവണ്‍ കേസ്: ഹൈക്കോടതിയുടെ സംപ്രേഷണ വിലക്കിന് സുപ്രീം കോടതിയുടെ ഇടക്കാല സ്റ്റേ

മീഡിയവണ്‍ കേസ്: ഹൈക്കോടതിയുടെ സംപ്രേഷണ വിലക്കിന് സുപ്രീം കോടതിയുടെ ഇടക്കാല സ്റ്റേ

ന്യൂഡല്‍ഹി: മീഡിയവണ്‍ സംപ്രേഷണ വിലക്കിന് സുപ്രീം കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി ചോദ്യം ചെയ്താണ് മീഡിയവണ്‍ മാനേജ്‌മെന്റും എഡിറ്റര്‍ പ്രമോദ് രാമനും പത്രപ്രവര്‍ത്തക യൂണിയനും ഹര്‍ജി നല്‍കിയത്. മീഡിയവണിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോഹ്തഗിയും ദുശ്യന്ത് ദവെയുമാണ് ഹാജരായത്.

സംപ്രേഷണ വിലക്ക് റദ്ദ് ചെയ്യണമെന്നാവശ്യപ്പട്ടുള്ള മീഡിയ വണ്‍ ചാനലിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മാര്‍ച്ച് രണ്ടിനാണ് തള്ളിയത്. അന്ന് തന്നെ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ ഹര്‍ജി തളളിയത്.

കഴിഞ്ഞ ജനുവരി 31നാണ് ചാനലിന്റെ പ്രവര്‍ത്തനാനുമതി വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു. സിഗിംള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ മുദ്ര വെച്ച കവറില്‍ ഹാജരാക്കിയ രഹസ്യ രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.

ഒരു വാര്‍ത്താ ചാനലിന് അപ്‌ലിങ്കിംഗിന് അനുമതി നല്‍കാനുള്ള പോളിസി പ്രകാരം ലൈസന്‍സ് പുതുക്കുമ്പോള്‍ ഓരോ തവണയും പുതിയ സുരക്ഷാ അനുമതി ആവശ്യമില്ലെന്ന വാദം സിംഗിള്‍ ബഞ്ച് പരിഗണിച്ചില്ല എന്ന് അപ്പീല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വാര്‍ത്താ ചാനലാകുമ്പോള്‍ ഭരണകൂടത്തെ തൃപ്തിപ്പെടുത്തി എന്നും വാര്‍ത്തകള്‍ നല്‍കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പുരാണ വാക്യങ്ങള്‍ ഉള്‍പ്പെടുത്തിയല്ല ഭരണഘടനാ തത്വങ്ങള്‍ അനുസരിച്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നതെന്നും അപ്പീലില്‍ ഹര്‍ജിക്കാര്‍ പറഞ്ഞു.

നേരത്തെ, കേന്ദ്രസര്‍ക്കാര്‍ ഹാജരാക്കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളിലെ പരാമര്‍ശങ്ങള്‍ ഗൗരവകരമാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ സിംഗിള്‍ ബഞ്ച് മീഡിയ വണ്‍ ചാനലിന്റെ ഹര്‍ജി തള്ളിയത്. അപ്പീല്‍ നല്‍കുന്നതിനായി സംപ്രേഷണ വിലക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി നിരസിച്ചിരുന്നു.

ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ആവശ്യം നിരസിച്ചത്. ജീവനക്കാരുടെ ദുഃഖം മനസിലാക്കുമ്പോഴും ദേശസുരക്ഷ പ്രധാനപ്പെട്ടതാണെന്നും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടില്ലെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ആഭ്യന്തര മന്ത്രാലയം നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ ഒരു മിനുറ്റ് പോലും ചാനല്‍ തുടരാന്‍ അനുവദിക്കാനുള്ള സാഹചര്യം ഇല്ലെന്നും ജസ്റ്റിസ് എന്‍ നാഗരേഷ് വിധിയില്‍ പറഞ്ഞിരുന്നു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറിയിരുന്നു.

കേസില്‍ ചാനലിലെ ജീവനക്കാരും, കേരള പത്രവര്‍ത്തക യൂണിയനും കക്ഷി ചേരുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നതാണ്. വാര്‍ത്താ വിനിമയ മന്ത്രാലയവും സ്ഥാപനവും തമ്മിലുള്ള കേസില്‍ ജീവനക്കാര്‍ക്ക് കക്ഷി ചേരാനാകില്ലെന്നായിരുന്നു കേന്ദ്ര നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.