മുപ്പത് വര്‍ഷത്തിനിടെ ഗാന്ധി കുടുംബാംഗം മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയിട്ടില്ല: സിബലിനെ വിമര്‍ശിച്ച് ഗെലോട്ട്

മുപ്പത് വര്‍ഷത്തിനിടെ ഗാന്ധി കുടുംബാംഗം മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയിട്ടില്ല: സിബലിനെ വിമര്‍ശിച്ച് ഗെലോട്ട്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഗാന്ധി കുടുംബത്തെയും രാഹുൽ ഗാന്ധിയേയും രൂക്ഷമായ വിമര്‍ശിച്ച സീനിയര്‍ നേതാവ് കപില്‍ സിബലിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.

കപില്‍ സിബല്‍ കോണ്‍ഗ്രസിന്റെ സംസ്‌കാരത്തില്‍ നിന്ന് വരുന്ന വ്യക്തിയല്ലെന്ന് ഗെലോട്ട് തുറന്നടിച്ചു. 'അദ്ദേഹം കോൺഗ്രസിൽ ചേർന്ന പ്രശസ്തനായ അഭിഭാഷകനാണ്. രാജ്യം ബഹുമാനിക്കുന്ന വലിയൊരു അഭിഭാഷകനാണ് അദ്ദേഹം. എന്നാൽ കോൺഗ്രസിൽ ചേർന്ന പലരും പാർട്ടിയുടെ മുൻനിരയിലേക്ക് കടന്നുവരാൻ ഏറെ പ്രയാസപ്പെടുമ്പോൾ സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പിന്തുണയോടെ അധികം അധ്വാനമില്ലാതെ തന്നെ പാർട്ടിയുടെ മുൻനിരയിലേക്ക് ഉയർന്നുവന്ന ആളാണ് സിബല്‍' എന്ന് ഗെലോട്ട് പറഞ്ഞു.

'സോണിയയും രാഹുലും ഒരുപാട് അവസരങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ എബിസിഡി എന്താണെന്ന് പോലും അറിയാത്ത ഒരു വ്യക്തിയില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നും' ഗെലോട്ട് വ്യക്തമാക്കി.

സിബലിന്റെ വിമർശനം നിരാശ കൊണ്ടാണ്. കഴിഞ്ഞ 30 വർഷത്തിനിടെ ഗാന്ധി കുടുംബത്തിൽ നിന്ന് ആരും ഒരു മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയിട്ടില്ല. ഗാന്ധി കുടുംബം നയിച്ചാൽ മാത്രമേ കോൺഗ്രസിന് ഒറ്റക്കെട്ടായി നിൽകാൻ സാധിക്കൂവെന്ന് രാജ്യത്തിനൊന്നടങ്കം അറിയാം. പാർട്ടിക്കുള്ളിലെ സംഘർഷങ്ങളാണ് പഞ്ചാബ് നഷ്ടപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പാർട്ടിയുടെ അധ്യക്ഷനല്ലായിരുന്നിട്ടും രാഹുൽ ഗാന്ധി എല്ലാ തീരുമാനങ്ങളും എടുക്കുന്നുവെന്നും പഞ്ചാബിൽ രാഹുൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ഏത് പദവിയുടെ ബലത്തിലാണെന്നും കപിൽ സിബൽ കഴിഞ്ഞദിവസം രാഹുലിനെ വിമർശിച്ചിരുന്നു. കോൺഗ്രസ് നേതൃത്വം സാങ്കല്പിക ലോകത്താണെന്നും പാർട്ടിയെ ഒരു വീട്ടിൽ ഒതുക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചുരുന്നു. ഇതിനുപിന്നാലെയാണ് അശോക് ഗെലോട്ടിന്റെ വിമർശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.