കൊച്ചി: ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍ പിള്ളയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കൊച്ചിയില്‍ പീഡനത്തിനിടയായ നടി ബാര്‍ കൗണ്‍സിലിനെ സമീപിച്ചു.
കേസിലെ പ്രതി ദിലീപിന്റെ അഭിഭാഷകനായ ബി രാമന്‍ പിള്ളയും സഹ അഭിഭാഷകരായ ടി. ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവരും പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നുവെന്നും അഭിഭാഷകവൃത്തിയുടെ ചട്ടങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നു എന്നുമാണ് നടി ബാര്‍ കൗണ്‍സില്‍ സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
അഡ്വ.രാമന്‍ പിള്ള സാക്ഷികളെ നേരിട്ട് വിളിച്ച് സ്വാധീനിച്ചെന്നും തെളിവ് നശിപ്പിക്കാന്‍ നേതൃത്വം നല്‍കിയെന്നും പരാതിയില്‍ പറയുന്നു. അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ചാണ് ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചത്. കോടതി ഉത്തരവ് നിലനില്‍ക്കേ ആണ് ഈ നടപടി ഉണ്ടായത്.
ഇരുപത് സാക്ഷികള്‍ കൂറ് മാറിയതിന് പിന്നില്‍ അഭിഭാഷക സംഘമാണ്. അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും നടി ആവശ്യപ്പെട്ടു. പരാതി സംബന്ധിച്ച് ബാര്‍ കൗണ്‍സില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതിനിടെ ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് സ്വദേശി സായ് ശങ്കറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം.
അഭിഭാഷകന്റെ നിര്‍ദേശ പ്രകാരം താനാണ് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്ന് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിക്കുന്നു. മുന്‍ വൈരാഗ്യം വച്ച് ഡിവൈഎസ്പി ബൈജു പൗലോസ് തന്നെ ഈ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിച്ചു വരുത്തി തന്നെ പീഡിപ്പിക്കുകയാണ് ക്രൈംബ്രാഞ്ച്.
എസ്പി സുദര്‍ശന്റെ അറിവോടെയാണ് ബൈജു പൗലോസിന്റെ നടപടികള്‍ തുടങ്ങിയ ആരോപണങ്ങളാണ് സൈബര്‍ വിദഗ്ധന്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നോട്ടിസ് നല്‍കാതെ സായ് ശങ്കറിനെ ചോദ്യം ചെയ്യരുതെന്ന് ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.