ഉക്രെയ്നെയും റഷ്യയെയും വിമല ഹൃദയത്തില്‍ സമര്‍പ്പിക്കുന്നു; നൊവേന വ്യാഴാഴ്ച്ച മുതല്‍

ഉക്രെയ്നെയും റഷ്യയെയും വിമല ഹൃദയത്തില്‍ സമര്‍പ്പിക്കുന്നു; നൊവേന വ്യാഴാഴ്ച്ച മുതല്‍

കീവ്: ഉക്രെയ്നെയും റഷ്യയെയും മാര്‍ച്ച് 25-ന് ഫ്രാന്‍സിസ് മാര്‍പാപ്പ മാതാവിന്റെ വിമല ഹൃദയത്തില്‍ സമര്‍പ്പിക്കുന്നതിനു മുന്നോടിയായി ഒമ്പത് ദിവസത്തെ നൊവേന പ്രാര്‍ത്ഥന നടത്തുമെന്ന് ഉക്രെയ്നിലെ ലിവിവ് ആര്‍ച്ച് ബിഷപ്പ് മിചിസ്ലാവ് മൊക്രിസിക്കി. വ്യാഴാഴ്ച്ചയാണ് നൊവേന ആരംഭിക്കുന്നത്.

ഉക്രെയ്നിയന്‍ ലത്തീന്‍ കത്തോലിക്കാ നേതാക്കളുടെ അഭ്യര്‍ഥനപ്രകാരമാണ് വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ 25-ന് വൈകിട്ട് അഞ്ചിന് വിമല ഹൃദയ സമര്‍പ്പണം നടത്തുന്നത്. അതേദിവസം ഫാത്തിമായിലും മാര്‍പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ ക്രാജെവ്സ്‌കി വിമല ഹൃദയ സമര്‍പ്പണം നടത്തും.


ആര്‍ച്ച് ബിഷപ്പ് മിചിസ്ലാവ് മൊക്രിസിക്കി

ലത്തീന്‍ കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെയും വൈദികരുടെയും വിശ്വാസികളുടെയും അഭ്യര്‍ത്ഥനയോട് പരിശുദ്ധ പിതാവ് ക്രിയാത്മകമായി പ്രതികരിച്ചതില്‍ തങ്ങള്‍ ഏറെ സന്തുഷ്ടരാണെന്ന് ആര്‍ച്ച് ബിഷപ്പ് മിചിസ്ലാവ് മൊക്രിസിക്കി പറഞ്ഞു. ഇന്നയെലാണ് വത്തിക്കാന്‍ ഇതു സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചത്.

ഈ ചടങ്ങിലേക്കു വിശാസികളെ തയാറാക്കാനാണ് വ്യാഴാഴ്ച്ച മുതല്‍ ഒന്‍പതു ദിവസത്തെ നൊവേന നടത്തുന്നത്. ഈ നൊവേനയില്‍ ചേരാന്‍ ഉക്രെയ്നിലെ എല്ലാ ക്രൈസ്തവരെയും ക്ഷണിക്കുന്നു. ഈ ഉദ്യമത്തില്‍ ലോകമെമ്പാടുമുള്ള മുഴുവന്‍ സഭയും ഞങ്ങളോടൊപ്പം പ്രാര്‍ത്ഥനയില്‍ ചേരുകയാണെങ്കില്‍ തങ്ങള്‍ ഏറെ നന്ദിയുള്ളവരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പ്രാര്‍ഥനയിലൂടെ മാതാവ് ഉക്രെയ്നിലെ സമാധാനത്തിനായി ദൈവമുമ്പാകെ മാധ്യസ്ഥ്യം വഹിക്കുമെന്നുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

1984-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ റഷ്യയെ മാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിച്ചിരുന്നു.

അത്മീയ പിന്തുണയുമായി മാര്‍പ്പാപ്പയുടെ പ്രതിനിധി കര്‍ദ്ദിനാള്‍ ക്രാജെവ്സ്‌കി യുദ്ധഭൂമി സന്ദര്‍ശിച്ചതിനുള്ള നന്ദിയും ആര്‍ച്ച് ബിഷപ്പ് മിചിസ്ലാവ് മൊക്രിസിക്കി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26