ന്യൂഡല്‍ഹി: ഈ മാസം ഒമ്പതിന് ഇന്ത്യയുടെ സൂപ്പര്‍സോണിക് മിസൈല്‍ അബദ്ധത്തില്‍ പാകിസ്ഥാനില്‍ പതിച്ചതിനു പിന്നാലെ പകരത്തിന് പകരമായി പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ബ്ലൂംബെര്‍ഗിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.
ഇന്ത്യ ബോധപൂര്‍വ്വം മിസൈല്‍ വിട്ടതാണെന്ന് കരുതിയാണ് പാകിസ്ഥാന്‍ പ്രത്യാക്രമണത്തിന് തയ്യാറെടുത്തത്. ഇതിനായി മിസൈലുകള്‍ പ്രയോഗിക്കാന്‍ തയ്യാറെടുത്തിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നുവെന്ന് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇപ്പോള്‍ തിരിച്ചടിച്ചാല്‍ കുഴപ്പമാകുമെന്ന് പാക് സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രത്യാക്രമണത്തിനായുള്ള ശ്രമം ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ഇന്ത്യന്‍ മിസൈല്‍ വാസയോഗ്യമല്ലാത്ത സ്ഥലത്ത് വീണതിനാല്‍ ആളപായമുണ്ടായിരുന്നുമില്ല.
സിര്‍സയില്‍ നിന്നാണ് മിസൈല്‍ തൊടുത്തതെന്ന് പാക് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അംബാലയില്‍ നിന്നാണ് ഇത് തൊടുത്തതെന്ന് ഇന്ത്യ വ്യക്തമാക്കി. മാനുഷികവും സാങ്കേതികവുമായ പിഴവാണ് കാരണമെന്നും വിലയിരുത്തല്‍ ഉണ്ട്.
തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്ന് 200 കിലോമീറ്റര്‍ വടക്കുള്ള അംബാല പട്ടണത്തില്‍ നിന്ന് മാര്‍ച്ച് ഒമ്പതിനാണ് ഇന്ത്യന്‍ മിസൈല്‍ പറന്നത്. യുദ്ധത്തില്‍ ആക്രമണാത്മക നടപടിയെടുക്കാന്‍ ശേഷിയുള്ള സംവിധാനങ്ങള്‍ പരിശോധിക്കാനുള്ള പതിവ് അഭ്യാസത്തിനിടെയായിരുന്നു അപകടം.
അതേസമയം, ഇന്ത്യയുടെ മിസൈല്‍ അബദ്ധത്തില്‍ പാക്കിസ്ഥാനില്‍ പതിക്കാനിടയായ സംഭവത്തെക്കുറിച്ച് ഉന്നത തലത്തില്‍ സമഗ്ര അന്വേഷണം നടക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റിനെ അറിയിച്ചു. സംഭവത്തില്‍ ഇന്ത്യ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.