ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ ഗ്രേഡിംഗ് വരുന്നു; പ്രൊമോഷന്‍ കിട്ടണമെങ്കില്‍ നല്ല പെരുമാറ്റം വേണം

ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ ഗ്രേഡിംഗ് വരുന്നു; പ്രൊമോഷന്‍ കിട്ടണമെങ്കില്‍  നല്ല പെരുമാറ്റം വേണം

തിരുവനന്തപുരം: ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് പുതിയ ഗ്രേഡിംഗ് വരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ ജനങ്ങളോടുള്ള പെരുമാറ്റരീതി ഇനി മുതൽ നല്ലതായിരിക്കണം. വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ടിന് പുതിയ ഗ്രേഡിംഗ് രീതി നിലവിൽ വരുന്നതോടെയാണ് കാര്യശേഷിക്കു പുറമേ സേവനങ്ങൾ തേടി ഓഫീസിലെത്തുന്നവരോടുള്ള പെരുമാറ്റ മര്യാദ കൂടി പ്രൊമോഷന് പരിഗണിക്കപ്പെടുക. ഡിസംബർ 31 വരെയാണ് കോൺഫിഡൻഷ്യൽ റിപ്പോർട്ട് നൽകാനുള്ള കലണ്ടർ വർഷം

ജോലിസമയത്ത് പതിവായി സീറ്റിൽ ഇല്ലാതിരിക്കുന്നതും ഫയലുകൾ അകാരണമായി താമസിപ്പിക്കുന്നതുമൊക്കെ ഉദ്യോഗക്കയറ്റത്തിന് തടസമാകും . ഭരണപരിഷ്കാര കമ്മിഷന്റെ നാലാം റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് കഴിഞ്ഞ ദിവസം സർവീസ് ചട്ട പരിഷ്കരണം സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചത്.

ജനങ്ങളിൽ നിന്നു ലഭിക്കുന്ന പരാതികൾ പരിശോധിച്ച് മേലുദ്യോഗസ്ഥരാകും പെരുമാറ്റ മികവിന്റെ ഗ്രേഡ് നിർണയിക്കുക. ഉദ്യോഗക്കയറ്റത്തിന് ആധാരമാക്കുന്ന കോൺഫിഡൻഷ്യൽ റിപ്പോർട്ടിന് നിലവിലെ എ,​ ബി,​ സി,​ ഡി ഗ്രേഡിംഗ് സമ്പ്രദായത്തിനു പകരം ഒന്നു മുതൽ പത്തു വരെ സംഖ്യാക്രമത്തിൽ ഗ്രേഡിംഗ് ഏർപ്പെടുത്തുന്നതോടെ (ന്യൂമെറിക്കൽ ഗ്രേഡിംഗ്)​ അഞ്ചിൽ കുറവ് ഗ്രേഡുകാർ നിർബന്ധിത പരിശീലനത്തിന് പോകേണ്ടിവരും.

ജനങ്ങളോടുള്ള പെരുമാറ്റം കൂടി സർവീസ് ചട്ടങ്ങളുടെ ഭാഗമാകുമെന്നതാണ് പുതിയ ഗ്രേഡിംഗിന്റെ പ്രത്യേകത. ഇതുൾപ്പെടെയുള്ള പരിഷ്കാരങ്ങളിൽ സർവീസ് സംഘടനകൾ അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു. സ്പെഷ്യൽ കാറ്റഗറി ഒഴികെ എല്ലാ ഗസറ്റഡ് ഓഫീസർമാർക്കും പുതിയ ഗ്രേഡിംഗ് ബാധകമായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.