തിരുവനന്തപുരം: ഓട്ടോ ഡ്രൈവറെ ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അമ്പലത്തറ പഴഞ്ചിറ സ്വദേശി ആര്‍. കുമാറിനാണ് (40) മര്‍ദ്ദനമേറ്റത്. നട്ടെല്ലിന് പൊട്ടലും ദേഹമാസകലം ചതവുമുണ്ടായ കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ 12ന് കൈമനം സ്വദേശി പദ്മനാഭന്റെ നാലുപവന്റെ മാല കവര്‍ച്ച ചെയ്ത സംഘം സഞ്ചരിച്ച ഓട്ടോ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് കുമാര്‍ കസ്റ്റഡിയിലായത്. പൊലീസ് ഗുണ്ടായിസം നടന്നത് 'ഉരുട്ടിന് ഫേമസായ' ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലാണ്.
പദ്മനാഭനൊപ്പം ബാറില്‍ മദ്യപിക്കാനെത്തിയ നാലംഗ സംഘമാണ് മദ്യപാനത്തിന് ശേഷം അതുവഴി വന്ന ഓട്ടോയില്‍ പദ്മനാഭനെ കയറ്റി വിജനമായ സ്ഥലത്തെത്തിച്ച് മര്‍ദ്ദിച്ച ശേഷം മാല കവര്‍ന്നത്.
പദ്മനാഭന്റെ പരാതിയിലുള്ള ഓട്ടോ കുമാറിന്റേതാണെന്ന് സംശയിച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. സ്റ്റേഷനിലെ ക്രൈംസ്‌ക്വാഡിന്റെ റൂമിലെത്തിച്ച ശേഷം ഇടിക്കുകയും നിലത്തു വീണപ്പോള്‍ ചവിട്ടുകയും ചെയ്‌തെന്നാണ് പരാതി. ആളുമാറിയെന്ന് ബോദ്ധ്യപ്പെട്ടപ്പോള്‍ 500 രൂപ നല്‍കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചെന്ന് കുമാറിന്റെ ഭാര്യ പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരമാണ് ജില്ലാ ക്രൈംബ്രാഞ്ച് അസി.കമ്മിഷണര്‍ ബി. അനില്‍കുമാര്‍ സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചത്. ഇന്ന് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.