സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണം: നിര്‍ണായക വിധിയുമായി ഹൈക്കോടതി

സിനിമാ ലൊക്കേഷനുകളില്‍  ആഭ്യന്തര പരാതി പരിഹാര സെല്‍ വേണം:  നിര്‍ണായക വിധിയുമായി ഹൈക്കോടതി

കൊച്ചി: സിനിമാ ലൊക്കേഷനുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി. മറ്റിടങ്ങളിലേതു പോലെ സിനിമാ സംഘടനകളിലും സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്നും കോടതി ഉത്തരവിട്ടു.

2018 ല്‍ നടിയെ ആക്രമിച്ച പശ്ചാത്തലത്തില്‍ സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. വിശാഖ കേസിലെ സുപ്രീം കോടതി മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യൂസിസിക്ക് അനുകൂലമായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

ഹര്‍ജിയില്‍ വനിതാ കമ്മീഷനെ കോടതി കക്ഷി ചേര്‍ത്തിരുന്നു. സ്ത്രീ സുരക്ഷ ഉറപ്പാക്കാനായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് വനിതാ കമ്മീഷനും നിലപാടെടുത്തിരുന്നു. സംസ്ഥാന സര്‍ക്കാരും ഇതിന് അനുകൂലമായാണ് പ്രതികരിച്ചത്.

സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഹേമ കമ്മീഷനെ നിയോഗിച്ചിരുന്നു. സിനിമാ സെറ്റുകളില്‍ സ്്ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന നിലപാടാണ് ഹേമ കമ്മീഷനും സ്വീകരിച്ചത്. ഇതെല്ലാം കണക്കിലെടുത്താണ് കോടതി വിധി.

2019 ലാണ് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമ, മുതിര്‍ന്ന നടി ശാരദ, വിരമിച്ച ഉന്നത ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി എന്നിവര്‍ അംഗങ്ങളായി സംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചത്. സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണുന്നതിനായിരുന്നു സമിതി.

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ത്രീകളെ നേരിട്ട് കണ്ട് വിവരങ്ങള്‍ തേടിയ സമിതിക്ക് മുന്നില്‍ ഞെട്ടിക്കുന്ന നിരവധി ലൈംഗിക പീഡന പരാതികളും എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി ഇതിനെതിരായ നിയമം സിനിമാ സെറ്റുകളില്‍ നടപ്പാക്കണമെന്നും ഐസിസികള്‍ രൂപീകരിക്കണമെന്നും സമിതി റിപ്പോര്‍ട്ട് നല്‍കിയത്.

സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഇപ്പോള്‍ രണ്ട് വര്‍ഷം പിന്നിടുന്നു. എന്നിട്ടും ആ സമിതി റിപ്പോര്‍ട്ടില്‍ ഒരു നടപടിയെടുക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താന്‍ പോലും സര്‍ക്കാര്‍ താല്‍പര്യം കാണിച്ചിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.