വൈദികന്‍ നിരപരാധി; പോക്‌സോ കേസില്‍ കുടുക്കിയതെന്ന് ഇടവകക്കാര്‍

വൈദികന്‍ നിരപരാധി; പോക്‌സോ കേസില്‍ കുടുക്കിയതെന്ന് ഇടവകക്കാര്‍

പത്തനംതിട്ട: പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പത്തനംതിട്ട കൂടല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയെ മനപൂര്‍വ്വം കേസില്‍ കുടുക്കിയതാണെന്ന് ഇടവകക്കാര്‍.

കൂടല്‍  സ്വദേശിനിയായ പതിനേഴുകാരിക്കു നേരെ ലൈംഗിക അതിക്രമം കാണിച്ചെന്ന പരാതിയിലാണ് ഫാ.പോണ്ട്‌സണ്‍ ജോണിനെ കൊടുമണ്ണിലെ സ്വന്തം വീട്ടില്‍ നിന്ന് ഇന്ന് രാവിലെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

എന്നാല്‍ കൗണ്‍സിലിങ് രംഗത്ത് എറെ അനുഭവ സമ്പത്തുള്ള വൈദികനെതിരായ പരാതി തികച്ചും വ്യാജമാണെന്നാണ് ഭൂരിപക്ഷം വരുന്ന ഇടവക ജനങ്ങളും പറയുന്നത്. ഹൈന്ദവ സമുദായത്തില്‍ പെട്ട പെണ്‍കുട്ടിയുടെ അമ്മ പഠന കാര്യങ്ങളില്‍ പിന്നാക്കം പോയ മകള്‍ക്ക് കൗണ്‍സിലിങ് നല്‍കണമെന്ന ആവശ്യവുമായി ഫാ. പോണ്ട്‌സണ്‍ ജോണിനെ പലവട്ടം സമീപിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. അവസാനം ഇടവകക്കാരനായ ഒരു ചെറുപ്പക്കാരന്റെ കൂടി സമ്മര്‍ദ്ദം മൂലമാണ് അദ്ദേഹം പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ഇടവകക്കാര്‍ വ്യക്തമാക്കി.

ഭാര്യയോടും രണ്ട് മക്കളോടുമൊപ്പം  ഫാ. പോണ്ട്‌സണ്‍ താമസിക്കുന്ന കൊടുമണ്ണിലെ വീട്ടില്‍ വെച്ചായിരുന്നു കൗണ്‍സിലിങ്. പെണ്‍കുട്ടി മറ്റൊരാളുമായി സ്‌നേഹത്തിലാണെന്ന കാര്യം കൗണ്‍സിലിങിനിടെ ബോധ്യപ്പെട്ട വൈദികന്‍ അമ്മയുടെ മുന്നില്‍ വച്ചു തന്നെ അക്കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ഉപദേശിച്ചതിലുള്ള പെണ്‍കുട്ടിയുടെ വൈരാഗ്യമാണ് പരാതിക്ക് അടിസ്ഥാനമെന്ന് ഇടവകക്കാര്‍ പറയുന്നു. 

കൗണ്‍സിലിങിനു ശേഷം സ്‌കൂളിലെത്തിയ പെണ്‍കുട്ടി തന്റെ അധ്യാപിക വഴിയാണ് പൊലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍ വൈദികനെതിരെ പരാതി നല്‍കിയത് പെണ്‍കുട്ടിയുടെ അമ്മപോലും അറിഞ്ഞത് പിന്നീടാണ് എന്നാണ് പരിസരവാസികള്‍ പറയുന്നത്.

പെണ്‍കുട്ടിയുടെ പ്രേമബന്ധം പുറത്തായതിലുള്ള ജാള്യതയും വൈരാഗ്യവുമാണ് നിരപരാധിയായ വൈദികനെ പോക്‌സോ കേസില്‍ കുടുക്കാന്‍ കാരണമാക്കിയതെന്ന് ഇടവകക്കാര്‍ ഒന്നടങ്കം പറയുന്നു. ഫാ. പോണ്ട്‌സണ്‍ ജോണ്‍ സേവനം ചെയ്തിട്ടുള്ള മുന്‍ ഇടവകയിലുള്ളവര്‍ക്കും അദ്ദേഹത്തെപ്പറ്റി നല്ലതു മാത്രമേ പറയാനൊള്ളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.