എറണാകുളം : സഭയുടെ പൊതു തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് സഭയെ നയിക്കുന്നവരുടെ കോലം കത്തിച്ച സംഭവം ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശാസികളുടെ മനസ്സിൽ ആഴത്തിലുള്ള മുറിപ്പാടുണ്ടാക്കി.
എറണാകുളം -അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം ആഗോള ക്രൈസ്തവസഭക്കുതന്നെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ സമ്മാനിക്കുന്നു എന്നാണ് പലരും ഇതിനോട് പ്രതികരിച്ചത്.
ലോകത്താദ്യമായി രണ്ടു കർദിനാളന്മാരുടെ കോലം ഒരുമിച്ച് കത്തിച്ചുകൊണ്ട് ഒരു സമരം നടന്നിരിക്കുന്നു. സീറോ മലബാർ സഭയുടെ സിനഡ് തീരുമാനിച്ച പ്രകാരമുള്ള വി. കുർബാന അർപ്പണം എല്ലാ രൂപതകളിലും നടപ്പിലാക്കണം എന്നും, ഈ കാര്യത്തിൽ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് മാത്രമായി ഇളവ് നൽകാൻ സാധ്യമല്ലെന്നും ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് വേണ്ടി പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷൻ കർദിനാൾ ലിയനാർഡോ സാന്ദ്രി സഭയിലെ മെത്രാന്മാരെ അറിയിച്ചതിന് പിന്നാലെയാണ് എറണാകുളത്ത് ഇന്ന് കണ്ട ശോചനീയവും അപലപനീയവുമായ സംഭവങ്ങൾ നടമാടിയത്.
സീറോ മലബാർ സഭയുടെ തലവനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും, കർദിനാൾ സാന്ദ്രിയുടെ കോലങ്ങൾ കത്തിച്ച് കൊണ്ടാണ് എറണാകുളം അങ്കമാലി രൂപതയിലെ വിമതരായ വിശ്വാസികൾ പ്രതികരിച്ചത്.
എന്താണ് കോലം കത്തിക്കൽ ?
ഒരു വ്യക്തിയോട് തങ്ങൾക്കു നേരിട്ട് ചെയ്യാനാകാത്തത് അദ്ദേഹത്തിന്റെ മാതൃകയിൽ നിർമ്മിച്ച രൂപത്തോട് ചെയ്യുന്നതാണ് ഈ സമരമുറ. പൊതുവെ തീവ്ര വിപ്ലവ സ്വഭാവും ആക്രമണ സ്വഭാവവുമുള്ള സംഘടനകൾ നടത്തുന്ന സമരങ്ങളിലാണ് ഇത്തരം കാര്യങ്ങൾ ചെയ്യാറുള്ളത്.
കത്തോലിക്കാ സഭയ്‌ക്കെതിരായ സമരങ്ങളിൽ സഭ തളർന്നു കാണാൻ ആഗ്രഹിക്കുന്ന ഇത്തരം സംഘടനകളുടെ സ്വാധീനം ഉണ്ട് എന്ന സംശയം പണ്ട് മുതലേ ക്രൈസ്തവ വിശ്വാസികൾ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.
ഈ സംഘടനകളിൽ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നവരുടെ മനസിലാണ് ഇത്തരം സമരമുറകൾ രൂപപ്പെടാൻ സാധ്യതയെന്ന് വിശ്വാസികൾ ചിന്തിക്കുന്നു. ക്രിസ്തുവിന്റെയും മറിയത്തിന്റെയും തിരു സ്വരൂപങ്ങളോടും മാർപ്പാപ്പയുടെ ചിത്രങ്ങളോടുമൊക്കെ സമാനമായ പ്രവർത്തികൾ ചെയ്യുന്ന ക്രിസ്തു വിരോധികളുടെ നിരവധി പ്രവർത്തികൾ ക്രൈസ്തവ ലോകം നിരന്തരം കാണുന്നതാണ്.
സമാന പ്രവർത്തി മാർപ്പാപ്പയെ പ്രതിനിധീകരിച്ചു സഭയെ ശുശ്രൂഷിക്കുന്ന രണ്ടു കർദിനാളന്മാരുടെ കോലം ഉണ്ടാക്കി ഇവരും ചെയ്തിരിക്കുന്നു എന്നത് വിശ്വാസികളെ ഞെട്ടിപ്പിച്ചു.
വർഷങ്ങൾക്കുമുൻപ് ഇതിനോട് സമാനമായി വിമത വിഭാഗത്തിൽ പെട്ടവർ തന്നെ സീറോ മലബാർ സഭ തലവനായ മാർ ആലഞ്ചേരിയുടെ കോലം കത്തിച്ചിരുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ സഭാ തലത്തിൽ നടപടി ഒന്നും സ്വീകരിക്കാതിരുന്നത് വിമത വിഭാഗത്തിന് ഇത്തരം ക്രൈസ്തവ വിരുദ്ധ പ്രതിഷേധ മാർഗങ്ങൾക്ക് ഊർജം പകർന്നു.
ഉപവാസവും പ്രാർത്ഥനകളും ഒക്കെയാണ് ദൈവീക ഇടപെടലിനുവേണ്ടിയുള്ള ക്രൈസ്തവരുടെ പ്രതികരണ രീതി. തുറന്നു പറയാൻ ലഭിക്കുന്ന വേദികളിൽ കാര്യങ്ങൾ തുറന്നു പറയുകയും സഭാധികാരികളുടെ തീരുമാനങ്ങൾ ദൈവത്തിന്റെ തീരുമാനമായി കാണുകയും ചെയ്യും. എന്നാൽ ഇവിടെ സമരവുമായി മുന്നോട്ടു പോകുന്നവർ തങ്ങളുടെ നിലപാടുകൾ ദൈവത്തിനു വേണ്ടി അല്ലെന്നു പൈശാചിക സമരമുറകൾ സ്വീകരിക്കുന്നതിലൂടെ തെളിയിക്കുകയാണെന്നും വിശ്വാസികൾ പറയുന്നു.
കത്തോലിക്കാ വിശ്വാസം വിശുദ്ധ ജീവിതത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. സഭയിൽ മാറ്റങ്ങൾ കൊണ്ടുവരുവാൻ ആഗ്രഹിക്കുമ്പോൾ വിപ്ലവം എന്ന വാക്കിന് പ്രസക്തിയില്ല. അത് ഉപയോഗിക്കാറുമില്ല. പകരം നവീകരണം എന്ന വാക്കാണ് ഉപയോഗിക്കുന്നത്. കാരണം വിപ്ലവത്തിൽ പൈശാചിക സമരമുറകൾക്കു മൗനാനുവാദം ഉണ്ട്. എന്നാൽ നവീകരണം ദൈവീകമായ ഒരു പ്രവർത്തിയാണ്. സഭയിൽ നവീകരണം കൊണ്ടുവന്നവർ എല്ലാവരും ദൈവീക സ്വഭാവമുള്ളവരായിരുന്നു.
ഇന്നത്തെ കോലം കത്തിക്കൽ സംഭവം എല്ലാവരെയും അമ്പരപ്പിച്ച് എന്നതിൽ സംശയമില്ല. സംഭവം നടന്ന് അധികം സമയമാകും മുൻപ് സീറോ മലബാർ സഭയുടെ മാധ്യമ കമ്മീഷൻ പുറത്തിറക്കിയ സർക്കുലർ സഭ ഇതിനെ ഗൗരവമുള്ള വിഷയമായി എടുത്തു എന്നതിന്റെ തെളിവാണ്. സഭാവിശ്വാസികൾക്കിടയിൽ ഈ നടപടി ഉളവാക്കിയിട്ടുള്ള രോഷവും പ്രതിഷേധവും വിമത വിഭാഗത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്.
അതിരൂപതയുടെ അജപാലന കേന്ദ്രവും പരിസരങ്ങളും ഇത്തരം സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കു വേദിയാക്കുന്നത് തികച്ചും അപലപനീയമാണെന്ന് മാധ്യമ കമ്മീഷൻ അറിയിച്ചു. അടുത്തകാലത്തായി എറണാകുളം - അങ്കമാലി അതിരൂപതയിൽ വർദ്ധിച്ചുവരുന്ന അച്ചടക്കലംഘനങ്ങൾക്ക് അറുതിവരുത്തേണ്ട സമയം അതിക്രമിച്ചു എന്നതിന്റെ സൂചനയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്നും മാധ്യമ കമ്മീഷൻ വിലയിരുത്തുന്നു.
എന്നാൽ കോലം കത്തിക്കൽ വെറും വികാരപ്രകടനം മാത്രമായി കണക്കാക്കാവുന്നതല്ല എന്നാണ് വിവിധ അൽമായ സംഘടനകൾ അഭിപ്രായപ്പെടുന്നത്. ഏകീകൃത കുർബ്ബാന അർപ്പണം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അങ്ങനെ തങ്ങൾ ഉന്നയിക്കുന്ന ജനാഭിമുഖ കുർബ്ബാന എന്ന ആവശ്യം റോമിന്റെ ഇടപെടലിലൂടെ നേടിയെടുക്കുക എന്ന ലക്‌ഷ്യം സാധിക്കാനാണ് ഇത്തരം നികൃഷ്ഠ സമര മുറകൾ സ്വീകരിക്കുന്നത്. വിശ്വാസ സമൂഹം ഒന്നടങ്കം ഇത്തരം നീച പ്രവർത്തനങ്ങളോട് വളരെ രൂക്ഷമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.