മതവിരുദ്ധ വാദങ്ങളെ ശക്തമായി എതിര്‍ത്ത ജെറുസലേമിലെ വിശുദ്ധ സിറില്‍

മതവിരുദ്ധ വാദങ്ങളെ ശക്തമായി എതിര്‍ത്ത ജെറുസലേമിലെ വിശുദ്ധ സിറില്‍

അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 18

പാലസ്തീനില്‍ നിന്നുള്ള ഏക വേദപാരംഗതനാണ് വിശുദ്ധ സിറില്‍. ജറുസലേമില്‍ ജനിച്ച അദ്ദേഹം അവിടെ ദീര്‍ഘ കാലം മെത്രാനായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധ ലിഖിതങ്ങള്‍ മനപാഠമാക്കിയ വിശുദ്ധ സിറില്‍ ബ്രഹ്മചര്യവും കഠിനമായ സന്യാസ നിഷ്ടകളുമായി എളിയ ജീവിതമായിരുന്നു നയിച്ചത്.

ജെറൂസലേമിലെ പാത്രിയാര്‍ക്കീസ് ആയിരുന്ന വിശുദ്ധ മാക്‌സിമസ്, വിശുദ്ധന് പുരോഹിത പട്ടം നല്‍കുകയും വിശ്വാസികള്‍ക്കിടയില്‍ സുവിശേഷ പ്രഘോഷണം നടത്തുന്നതിനും ക്രിസ്തീയവിശ്വാസ സ്വീകരണത്തിനു തയ്യാറെടുക്കുന്നവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.

'മതബോധന നിര്‍ദ്ദേശങ്ങള്‍' എന്ന മനോഹരമായ ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയാണ് വിശുദ്ധ സിറില്‍. തന്റെ ഈ കൃതിയില്‍ വളരെ വ്യക്തമായും പൂര്‍ണമായും സഭാ പ്രബോധനങ്ങള്‍ വിവരിച്ചിരിക്കുന്നു. മാത്രമല്ല ക്രിസ്തീയ വിശ്വാസത്തിന്റെ ശത്രുക്കളെ പ്രതിരോധിക്കുവാന്‍ വേണ്ട മത സിദ്ധാന്തങ്ങള്‍ ഓരോന്നായി അദ്ദേഹം എടുത്ത് പറഞ്ഞിട്ടുണ്ട്.

തന്റെ കാലത്ത് നിലനിന്നിരുന്ന എല്ലാ മതവിരുദ്ധ വാദങ്ങളെയും വരുവാനിരിക്കുന്ന മതവിരുദ്ധ വാദങ്ങളെ വരെ ദീര്‍ഘ വീക്ഷണത്തോടു കൂടി അദ്ദേഹം വളരെ വ്യക്തമായി എതിര്‍ത്തിരുന്നു. അപ്രകാരം ക്രിസ്തുവിന്റെ ശരീരത്തിന്റേയും രക്തത്തിന്റേയും യാഥാര്‍ത്ഥ സാന്നിധ്യം അള്‍ത്താരയിലെ ആരാധനയില്‍ അദ്ദേഹം ഉറപ്പ് വരുത്തി.

തന്റെ സമകാലികനും അനുഗ്രഹീതനുമായ അത്തനാസിയൂസിനെ പോലെ ഒരു മെത്രാനെന്ന നിലയില്‍ സിറിലിനും തന്റെ വിശ്വാസ സംരക്ഷണത്തിനായി മതവിരുദ്ധരായ നാസ്ഥികരുടെ കയ്യില്‍ നിന്നും നിരവധി പീഡനങ്ങളും തിന്മകളും സഹിക്കെണ്ടതായി വന്നിട്ടുണ്ട്. അവരുടെ ഉപദ്രവത്തില്‍ നിന്നും രക്ഷ നേടുന്നതിനായി വിശുദ്ധന്‍ സിലിസിയായിലെ ടാര്‍സസിലേക്ക് പോയി. കോണ്‍സ്റ്റാന്റിയൂസ് ജീവിച്ചിരുന്നിടത്തോളം കാലം അദ്ദേഹം അവിടെ ഒളി ജീവിതത്തിലായിരുന്നു.

കോണ്‍സ്റ്റാന്റിയൂസിന്റെ മരണത്തിനു ശേഷം ജൂലിയന്‍ അധികാരത്തില്‍ വന്നതോടെ വിശുദ്ധ സിറിലിന് ജെറൂസലേമിലേക്ക് തിരിച്ചു വരുവാന്‍ സാധിച്ചു. തിരികെയെത്തിയ വിശുദ്ധന്‍ തന്റെ അജഗണത്തെ തെറ്റായ സിദ്ധാന്തങ്ങളില്‍ നിന്നും മോചിപ്പിക്കുവാനും പാപങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുവാനും വളരെ കഠിനമായ പരിശ്രമങ്ങള്‍ നടത്തി.

പക്ഷേ വാലെന്‍സ് ചക്രവര്‍ത്തിയുടെ കാലത്ത് വീണ്ടും ഒരിക്കല്‍ കൂടി അദ്ദേഹത്തിന് ഒളിവില്‍ പോകേണ്ടതായി വന്നു. എന്നാല്‍ മഹാനായ തിയോഡോസിയൂസിന്റെ കാലത്ത് സഭയില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുകയും മതവിരുദ്ധ വാദികളുടെ ക്രൂരതയും ധിക്കാരവും അവസാനിപ്പിക്കുകയും ചെയ്തപ്പോള്‍ വിശുദ്ധനെ വളരെ ആദരപൂര്‍വ്വം തിരികെ കൊണ്ടു വരികയും അദ്ദേഹത്തിന്റെ പദവി തിരികെ നല്‍കുകയും ചെയ്തു.

മരിക്കുന്നതിനു കുറച്ച് കാലം മുന്‍പ് വിശുദ്ധന്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ സഭാ സമിതിയില്‍ പങ്കെടുക്കുകയും മാസെഡോണിയൂസ്, അരിയൂസ് തുടങ്ങിയ മതവിരുദ്ധ വാദങ്ങളെ വളരെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. മെത്രാന്‍ പദവിയില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കി തന്റെ 69-മത്തെ വയസില്‍ അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. റിപ്പോണിലെ എഗ്‌ബെര്‍ട്ട്

2. ലൂക്കായിലെ ആന്‍സെലം

3. ജറുസലേമിലെ അലക്‌സാണ്ടര്‍

4. ഇംഗ്ലണ്ടിലെ എഡ്വേര്‍ഡ് രാജാവ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.