കൊച്ചി മെട്രോ: പത്തടിപ്പാലത്തെ ചെരിവ്; തൂണിന്റെ പൈലിങ് അടിയിലെ പാറ വരെ എത്തിയിട്ടില്ലെന്നു പഠനം

കൊച്ചി മെട്രോ: പത്തടിപ്പാലത്തെ ചെരിവ്; തൂണിന്റെ പൈലിങ് അടിയിലെ പാറ വരെ എത്തിയിട്ടില്ലെന്നു പഠനം

കൊച്ചി: കൊച്ചു മെട്രോ പാളത്തിലെ ചെരിവിന് കാരണം പൈലിങ്ങിലെ വീഴ്ചയെന്ന് കണ്ടെത്തല്‍. ചരിഞ്ഞ തൂണിന്റെ പൈലിങ് ഭൂമിക്കടിയിലെ പാറയില്‍ തൊട്ടിട്ടില്ലെന്നാണ് കണ്ടെത്തല്‍. പത്തടിപ്പാലത്തെ പില്ലര്‍ നമ്പര്‍ 347 നാണ് ചെരിവ് കണ്ടെത്തിയത്. ജിയോ ടെക്‌നിക്കല്‍ പഠനത്തിലാണ് വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയത്.

തൂണ്‍ നില്‍ക്കുന്ന സ്ഥലത്ത് 10 മീറ്റര്‍ താഴെയാണ് പാറ. ഇവിടേക്ക് പൈലിങ് എത്തിയിട്ടില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. പാറക്ക് ഒരു മീറ്റര്‍ മുകളിലാണ് പൈലിങ്. മണ്ണിനടില്‍ പാറ കണ്ടെത്തുന്നത് വരെ പൈലടിച്ചാണ് മെട്രോ തൂണുകള്‍ നിര്‍മിക്കേണ്ടത്. പൈലിങ് പാറയില്‍ എത്തിയാല്‍ പാറ തുരന്ന് പൈലിങ് പാറയില്‍ ഉറപ്പിക്കണം. പത്തടിപ്പാലത്ത് ഈ മാര്‍ഗ നിര്‍ദേശങ്ങളൊന്നും പാലിക്കാത്തതാണ് ചരിവിന് കാരണമെന്നാണ് നിഗമനം.

രണ്ടാഴ്ച മുമ്പ് നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ചരിവ് കണ്ടെത്തിയത്. തുടര്‍ന്ന് ഡിഎംആര്‍സിയുടെ മുഖ്യ ഉപദേശകനായിരുന്ന ഇ ശ്രീധരന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ പരിശോധന നടത്തിയിരുന്നു. പിന്നീട് ചരിവിനുള്ള കാരണം കണ്ടെത്താനായി അള്‍ട്രാ സോണിത് ടെസ്റ്റും സോയില്‍ ബോര്‍ ടെസ്റ്റും നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പരിശോധന ഫലം കാത്തുനില്‍ക്കാതെ അടിയന്തരമായ മറ്റൊരു പൈലിങ് നടത്തി പാലത്തെ ബപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

കെഎംആര്‍എല്ലിന്റെയും ഈ ഭാഗത്തെ മെട്രോ പാത നിര്‍മിച്ച കരാറുകാരായ എല്‍ ആന്റ് ടിയുടെയും സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.