കെ റെയിൽ: സ്ത്രീകള്‍ക്കെതിരെയുണ്ടായ അക്രമം ലജ്ജാകരം; മുഖ്യമന്ത്രി ഏകാധിപതിയെന്ന് കേന്ദ്രമന്ത്രി

കെ റെയിൽ: സ്ത്രീകള്‍ക്കെതിരെയുണ്ടായ അക്രമം ലജ്ജാകരം; മുഖ്യമന്ത്രി ഏകാധിപതിയെന്ന് കേന്ദ്രമന്ത്രി

കോഴിക്കോട്: കെ റെയിൽ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഡിപിആര്‍ തയ്യാറാക്കാന്‍ മാത്രമാണ് കേന്ദ്രം അനുമതി നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

കെ റെയില്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ ഇന്നലെ ചങ്ങനാശേരിയില്‍ നടന്നത് കാടത്തമാണെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. സ്ത്രീകള്‍ക്കെതിരെയുണ്ടായ അക്രമം ലജ്ജാകരമാണ്. ഇത് ചെയ്തവരാണ് ശബരിമലയില്‍ സ്ത്രീ ശാക്തീകരണത്തിന് വാദിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ഏകാധിപതിയെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. കെ റെയില്‍ ജനങ്ങളുടെ പദ്ധതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജനസംവാദം നടത്തിയെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു. എന്നാല്‍ പണക്കാരായ ചില മാന്യന്മാരുമായാണ് ചര്‍ച്ച ചെയ്തത്. പ്രതിപക്ഷം മൗനം തുടരുകയാണെന്നും സില്‍വര്‍ലൈന്‍ പദ്ധതി ബിജെപി അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഈ സര്‍ക്കാരിന്റേത് സ്ത്രീ വിരുദ്ധ സമീപനമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. കെ റെയില്‍ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ചങ്ങനാശേരിയില്‍ ഇന്ന് ഹര്‍ത്താലാണ്. കെ റെയില്‍ വിരുദ്ധ സമരസമിതിയും യുഡിഎഫും ബിജെപിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

വാഹനങ്ങളെ തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ചങ്ങനാശേരി നഗരത്തില്‍ സംയുക്തസമരസമിതി പ്രകടനം നടത്തും. പ്രാദേശികതലത്തിലും പ്രകടനങ്ങള്‍ നടത്തുമെന്ന് സമരസമിതി അറിയിച്ചു. 12 മണിക്ക് മാടപ്പള്ളിയില്‍ പ്രതിഷേധയോഗവും നടക്കും. മാടപ്പള്ളിയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.