അഞ്ചേരി ബേബി വധക്കേസ്: എം.എം മണി അടക്കം മൂന്നു പേര്‍ കുറ്റവിമുക്തര്‍; വിടുതല്‍ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു

അഞ്ചേരി ബേബി വധക്കേസ്: എം.എം മണി അടക്കം മൂന്നു പേര്‍ കുറ്റവിമുക്തര്‍; വിടുതല്‍ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു

കൊച്ചി : അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മന്ത്രി എം.എം മണി എംഎല്‍എ അടക്കം മൂന്നു പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. മണിയുടെ വിടുതല്‍ ഹര്‍ജി അംഗീകരിച്ചാണ് നടപടി.

വിടുതല്‍ ഹര്‍ജിയുമായി മണി നേരത്തെ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളിയിരുന്നു. ഇതോടെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഒ.ജി.മദനനന്‍, പാമ്പുപാറ കുട്ടന്‍ എന്നിവരാണ് കുറ്റവിമുക്തരായ മറ്റു രണ്ടുപേര്‍.

യൂത്ത് കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന ബേബി അഞ്ചേരി 1982 നവംബര്‍ 13 നാണ് കൊല്ലപ്പെട്ടത്. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം മോഹന്‍ദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു ബേബി.

എം.എം മണി ഇടുക്കി ജില്ലയിലെ മണക്കാട് വച്ച് 2012 മേയ് 25 ന് നടത്തിയ വണ്‍ ടു ത്രീ പ്രസംഗത്തോടെയാണ് കേസ് പുനരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതും മണി പ്രതിയാവുന്നതും. ബേബി അഞ്ചേരിക്കൊപ്പം മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടേയും കൊലപാതകങ്ങളാണ് അന്ന് മണി പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടത്.

നീതി കിട്ടിയെന്നും താന്‍ അഞ്ചേരി ബേബിയെ കണ്ടിട്ടുപോലുമില്ലെന്നായിരുന്നു വിധിയെത്തുടര്‍ന്ന് മണി പ്രതികരിച്ചത്. നീതി നിഷേധമെന്നായിരുന്നു ബേബിയുടെ സഹോദരന്റെ പ്രതികരണം. പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.