ആലപ്പുഴ: ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ബസിലിക്കയില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠയ്ക്കും ദീപക്കാഴ്ചയ്ക്കും തുടക്കമായി. 17ന് വൈകിട്ട് 6.30 ന് കല്ലൂര്‍ക്കാട് ബസിലിക്ക കുരിശടിയില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചു. ദീപക്കാഴ്ചയ്ക്കും അന്നേ ദിവസം തുടക്കം കുറിച്ചു.
ചങ്ങനാശേരി അതിരൂപതാ വികാരി ജനറല്‍ ഫാദര്‍ ജോസപ്പ് വാ ണിയപ്പുരയ്ക്കല്‍ ആശീര്‍വാദം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ദീപക്കാഴ്ചയില്‍ അദ്ദേഹം ആദ്യ ദീപം തെളിക്കുകയും ചെയ്തു.
കുരിശടി മുതല്‍ പള്ളി വരെ 1000 നിലവിളക്കുകളിലാണ് ദീപക്കാഴ്ച ഒരുക്കിയത്. വിശ്വാസികള്‍ കൊണ്ടു വന്ന നിലവിളക്കില്‍ പള്ളിയില്‍ നിന്നും നല്‍കുന്ന ആശീര്‍വദിച്ച എണ്ണയും തിരിയും ഉപയോഗിച്ചാണ് ദീപാക്കാഴ്ച ഒരുക്കിയത്.
യാത്രാ സൗകര്യം ഇല്ലാതിരുന്ന കാലത്ത് അന്യനാടുകളില്‍ നിന്ന് വിശുദ്ധന്റെ ശ്രാദ്ധ തിരുനാളിന് തീര്‍ത്ഥാടകരും, നാട്ടുകാരുമായ വിശ്വാസികള്‍ എത്തിയിരുന്നത് വള്ളത്തിലും ബോട്ടിലും ആയിരുന്നു. ബോട്ടു മാര്‍ഗം എത്തുന്നവര്‍ ചമ്പക്കുളം കനാല്‍ ജട്ടിയില്‍ ഇറങ്ങിയാണ് പള്ളിയിലേയ്ക്ക് വന്നിരുന്നത്. ആ കാലങ്ങളില്‍ പള്ളിയില്‍ എത്തുന്ന വിശ്വാസികള്‍ വളരെ ആദരവോടും ബഹുമാനത്തോടും കൂടി മിഷന്‍ ആശുപത്രിയുടെ കവാടത്തിന് മുകളിലുള്ള വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുസ്വരൂപത്തെ വണങ്ങിയിരുന്നു.
യാത്രാ മാര്‍ഗങ്ങള്‍ക്ക് മാറ്റം സംഭവിച്ചതോടെ പുണ്യവാന്റെ തിരുസ്വരൂപം കൂടുതല്‍ അനുയോജ്യമായ സ്ഥലത്ത് പ്രതിഷ്ഠിക്കണം എന്ന് പലരും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഭക്തരുടെ ആഗ്രഹപ്രകാരമാണ് പുണ്യവാന്റെ തിരുസ്വരൂപം ഏറ്റവും അനുയോജ്യമായ സ്ഥലത്ത് പ്രതിഷ്ഠിക്കുവാന്‍ തീരുമാനിച്ചതെന്ന് സെന്റ് മേരീസ് ബസിലിക്കയിലെ വികാരി ഫാദര്‍ ഗ്രിഗറി ഓണംകുളം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26