സില്‍വര്‍ ലൈനില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം

സില്‍വര്‍ ലൈനില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം

ചങ്ങനാശേരി: കെ റെയില്‍ പദ്ധതിയെപ്പറ്റി വ്യക്തമായ പഠനം വേണമെന്ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്. ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. മാടപ്പള്ളിയിലെ പോലീസ് ബലപ്രയോഗം ഒഴിവാക്കേണ്ടതായിരുന്നുവെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം അദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ജനജീവിതത്തിന്റെ സ്വസ്ഥത നഷ്ടപ്പെടുത്താതെ വേണം പദ്ധതി നടപ്പാക്കാന്‍. ഇതേപ്പറ്റി ശരിയായ പഠനം ഇതുവരെ നടന്നതായി അറിവില്ല. സ്ത്രീകളും കുട്ടികളും കൂട്ടമായി വരണമെങ്കില്‍ അവര്‍ക്ക് എത്ര മാത്രം ആശങ്കയുണ്ടെന്നതിന്റെ തെളിവാണത്. ജനങ്ങളുടെ വികാരങ്ങളെ മാനിക്കേണ്ടതുണ്ടെന്നും മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

മാടപ്പള്ളി ഇടവക പരിധിയില്‍ കെ റെയില്‍ വിരുദ്ധ സമരം നടത്തുന്നതിനിടെ പോലീസ് മര്‍ദ്ദനമേറ്റ് പരിക്കേറ്റ് ചെത്തിപ്പുഴ ആശുപത്രിയില്‍ കഴിയുന്ന അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം വി.ജെ. ലാലിയെ ആര്‍ച്ച് ബിഷപ് മാര്‍ പെരുന്തോട്ടം സന്ദര്‍ശിച്ചു. കെ റെയിലിനെതിരേ സമരം നടത്തുന്ന ജനങ്ങളുമായി സംസാരിക്കുകയും അവരുടെ പരാതികള്‍ അദേഹം കേള്‍ക്കുകയും ചെയ്തു.

അതേസമയം, ഈ പദ്ധതികൊണ്ട് ജനങ്ങള്‍ക്കുണ്ടാകുന്ന നേട്ടങ്ങളും ബുദ്ധിമുട്ടുകളും പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജാഗ്രതാ സമിതിക്ക് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.