ചലച്ചിത്ര മേളയില്‍ മുഖ്യാതിഥിയായി ഭാവന; കൈയടികളോടെ വരവേല്‍പ്പ്

ചലച്ചിത്ര മേളയില്‍ മുഖ്യാതിഥിയായി ഭാവന; കൈയടികളോടെ വരവേല്‍പ്പ്

തിരുവനന്തപുരം: 26 മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. വൈകിട്ട് 6.30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. അപ്രതീക്ഷിത അതിഥിയായി എത്തിയ നടി ഭാവന തിരി കൊളുത്തി. ഇസ്ലാമിക തീവ്രവാദികളുടെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങില്‍ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സമ്മാനിച്ചു.

നിശാഗന്ധി ഓഡിറ്റോറിയത്തിലെ ഉദ്ഘാടന വേദിയില്‍ പ്രഗത്ഭര്‍ ഏറെയുണ്ടായിരുന്നിട്ടും തിളങ്ങിയത് ഭാവനയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. 'പോരാട്ടത്തിന്റെ പെണ്‍പ്രതീകം' എന്നാണ് ഭാവനയെ അദ്ദേഹം അഭിസംബോധന ചെയ്തത്.

സിനിമ മേഖലയില്‍ നിന്നുണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് അവര്‍ മലയാള സിനിമയില്‍ അത്ര സജീവമായിരുന്നില്ല. അടുത്തിടെ അവര്‍ നല്കിയ അഭിമുഖം വലിയ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു.

എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്സ് ഉള്‍പ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകള്‍ ഐഎഫ്എഫ്‌കെയില്‍ ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.