കെ റെയില്‍ പ്രതിഷേധം കനക്കുന്നു: ചോറ്റാനിക്കരയിലും തിരൂരിലും സംഘര്‍ഷം; സര്‍വേക്കല്ലുകള്‍ പിഴുതെറിഞ്ഞു

കെ റെയില്‍ പ്രതിഷേധം കനക്കുന്നു: ചോറ്റാനിക്കരയിലും തിരൂരിലും സംഘര്‍ഷം; സര്‍വേക്കല്ലുകള്‍ പിഴുതെറിഞ്ഞു

കൊച്ചി: എറണാകുളം ജില്ലയില്‍ ചോറ്റാനിക്കരയിലും മലപ്പുറത്ത് തിരൂര്‍ വെങ്ങാലൂരിലും കെ റെയില്‍ കല്ലിടലിനെതിരെ കടുത്ത സംഘര്‍ഷം. ചോറ്റാനിക്കരയില്‍ അധികൃതര്‍ സ്ഥാപിച്ച കല്ല് ഡിസിസി പ്രവര്‍ത്തകര്‍ പിഴുതെടുത്ത് തോട്ടിലെറിഞ്ഞു.

പിറവം എംഎല്‍എ അനൂപ് ജേക്കബ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കോണ്‍ഗ്രസ് നേതാവ് ജെയ്സണ്‍ ജോസഫ്, ഡിസിസി ജനറല്‍ സെക്രട്ടറി റീസ് പുത്തന്‍വീടന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സ്ഥലത്ത് പ്രതിഷേധം കനത്തതിനാല്‍ സര്‍വ്വേ കല്ലിടല്‍ ഉദ്യോഗസ്ഥര്‍ നിര്‍ത്തി വച്ചു.

ബിജെപി പ്രവര്‍ത്തകരും കെ റെയില്‍ സര്‍വേക്കെതിരെ പ്രതിഷേധിക്കാനായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം തിരുവാങ്കുളം മാമലയില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ സമരക്കാര്‍ പിഴുത് കാനയിലെറിഞ്ഞു.

തിരൂര്‍ വെങ്ങാലൂര്‍ മസ്ജിദില്‍ കല്ലിടുന്നത് എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്നുവച്ചു. എന്നാല്‍ ചുറ്റുമുളള വീടുകളിലെല്ലാം കല്ലിടല്‍ തുടരുകയാണ്. കല്ലിടുന്നത് സംബന്ധിച്ച് അറിയിപ്പോ ഒഴിയേണ്ടി വന്നാല്‍ പുനരധിവസിപ്പിക്കുന്നതിനെ കുറിച്ചോവ്യക്തമായ വിവരം ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടില്ലെന്ന് സ്ഥലവാസികള്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ ഒന്നടങ്കം സംഘടിച്ച് പ്രതിഷേധിക്കുകയും കല്ലിട്ടയുടനെ അവ പിഴുതെറിയുകയും ചെയ്തു.

അതേസമയം കല്ലുകള്‍ ഇനിയും പിഴുതെറിയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. പരിസ്ഥിതിക്ക് വിനാശമുണ്ടാക്കുന്ന പദ്ധതി അംഗീകരിക്കാന്‍ കഴിയില്ല. മാടപ്പള്ളിയിലെ കുട്ടി കരഞ്ഞപ്പോള്‍ ബാലാവകാശ കമ്മീഷന്‍ എവിടെയായിരുന്നെന്നും വി.ഡി സതീശന്‍ ചോദിച്ചു.

എന്നാല്‍ കേരളത്തെ കലാപ ഭൂമിയാക്കാന്‍ നീക്കം നടക്കുന്നതായി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കെ റെയിലിനെ എതിര്‍ക്കുന്നതോടെ വികസനത്തിന് തുരങ്കം വെക്കുകയാണ് പ്രതിപക്ഷം. പദ്ധതിക്ക് അനുകൂലമായി ജനങ്ങളെ അണിനിരത്തി മുന്നോട്ട് പോകും. നശീകരണ രീതിയിലാണ് പ്രതിപക്ഷം പെരുമാറുന്നതെന്നാണ് കോടിയേരിയുടെ വിമര്‍ശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.