എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രതിഷേധങ്ങൾ മാർപാപ്പയുടെ ഭാരത സന്ദർശനം തടസ്സപ്പെടുത്താൻ:സീറോ മലബാർ അൽമായ ഫോറം

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രതിഷേധങ്ങൾ മാർപാപ്പയുടെ ഭാരത സന്ദർശനം തടസ്സപ്പെടുത്താൻ:സീറോ മലബാർ അൽമായ ഫോറം

കൊച്ചി:  എറണാകുളം-അങ്കമാലി അതിരൂപതയുടെ  അജപാലന കേന്ദ്രത്തിന് മുന്നിൽ ലോകം മുഴുവൻ ആദരിക്കുന്ന റോമിലെ മാർപാപ്പയുടെ പ്രതിനിധി പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവന്‍ കര്‍ദിനാള്‍ ലെയൊണാര്‍ദോ സാന്ദ്രിയുടെയും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും കോലങ്ങൾ കത്തിച്ച നടപടി കത്തോലിക്കാ സഭയോടുള്ള പരസ്യമായ അവഹേളനമാണെന്നും പരിശുദ്ധ മാർപാപ്പയുടെ ആസന്നമായ ഭാരത സന്ദർശനത്തെ തടസ്സപ്പെടുത്താനുള്ള എറണാകുളം കേന്ദ്രീകരിച്ചുള്ള ചില സഭാ വിരുദ്ധരുടെ ദുരൂഹ നീക്കമാണ് ഇതിന്റെ പിന്നിലെന്ന് സംശയിക്കുന്നതായി  സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി  പ്രസ്താവനയിറക്കി.

പൊതുജനമധ്യത്തില്‍ സഭയെയും ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തേയും നിന്ദിച്ച വ്യക്തികൾക്കെതിരെ കേരള സർക്കാർ നിയമനടപടികളിലൂടെ സ്വമേധയാ കേസെടുത്ത് അന്വേഷിക്കണം.ഇതിന്റെ പിന്നിലുള്ള നിഗൂഢ ശക്തികളെ നിയമസംവിധാനത്തിനു മുൻപിൽ കൊണ്ടുവരണം.എറണാകുളം പോലുള്ള വലിയ മെട്രോപൊളിറ്റൻ നഗരഹൃദയത്തിലുണ്ടായ ഇത്തരം കുറ്റകൃത്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിതാന്ത ജാഗ്രതയും കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടലും ഉടൻ ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നു.
ക്രൈസ്തവ വിശ്വാസികൾക്കിടയിൽ കടുത്ത ദുർമാതൃകയ്ക്കും ഉതപ്പിനും കാരണമായ പ്രവർത്തികളിൽ ഏർപ്പെട്ടവർക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതാ നേതൃത്വവും ഉടൻ തന്നെ കാനോനിക അച്ചടക്ക നടപടികൾ എടുക്കണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും ഫോറം ആവശ്യപ്പെടുന്നു.

അതിരൂപതയിൽ മുതലെടുപ്പുകൾക്കായും സ്ഥാപിത താല്പര്യങ്ങളോടെയും പ്രവർത്തിക്കുന്നവരെ അകറ്റിനിർത്തുക തന്നെവേണം. കുര്‍ബാനക്രമം സഭയുടെ ആഭ്യന്തരകാര്യമാണ്.തെരുവിലേക്ക് വലിച്ചിഴക്കേണ്ട കാര്യമല്ല. പ്രതിഷേധത്തിന്റെയും പ്രതികരണങ്ങളുടെയും ഭാഗമായുള്ള ഓരോ പ്രവൃത്തികളും തീരുമാനങ്ങളും നിലപാടുകളും ക്രൈസ്തവമായിരിക്കാനും വിവേകപൂർവ്വമായിരിക്കാനും എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ടെന്നും  സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറി വ്യക്തമാക്കി. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.