പിതാവിന്റെ ക്രൂരതയില്‍ എരിഞ്ഞടങ്ങി മകനും കുടുംബവും; കസ്റ്റഡിയിലും കൂസലില്ലാതെ ഹമീദ്

പിതാവിന്റെ ക്രൂരതയില്‍ എരിഞ്ഞടങ്ങി മകനും കുടുംബവും; കസ്റ്റഡിയിലും കൂസലില്ലാതെ ഹമീദ്

ഇടുക്കി: മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്ന പ്രതി ഹമീദിന് പൊലീസ് കസ്റ്റഡിയിലും കൂസലില്ല. കൊച്ചു മക്കളുടെ മുഖം പോലും ഓര്‍ക്കാതെ മകന്റെ കുടുംബത്തെ ചുട്ടുകൊന്ന ഹമീദിന് തന്റെ പ്രവര്‍ത്തിയില്‍ ഒരു കുറ്റബോധവും ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. വെള്ളവും വൈദ്യുതിയും അടക്കം രക്ഷപ്പെടാനുള്ള വഴികള്‍ എല്ലാം അടച്ചായിരുന്നു പിതാവിന്റെ ക്രൂരത.

കളിചിരിയുമായി നടക്കേണ്ട കൊച്ചുമക്കള്‍ കണ്‍മുന്നില്‍ വെന്തു മരിച്ചിട്ടും ഹമീദ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത് തനിക്ക് ജീവിക്കണം, എല്ലാ ദിവസവും മത്സ്യവും മാംസവും വേണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് ഹമീദ് നിരന്തരം വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. മകന്‍ ഭക്ഷണം നല്‍കുന്നില്ല എന്ന് കാണിച്ച് മുന്‍പ് പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

അഗ്‌നിബാധ ശ്രദ്ധയില്‍പ്പെട്ട് നാട്ടുകാരെത്തി തീ അണയ്ക്കാതിരിക്കാന്‍ വീട്ടിലെ ടാങ്കിലെ വെള്ളവും ഇയാള്‍ ഒഴുക്കികളഞ്ഞിരുന്നു. കിണറില്‍ നിന്ന് മോട്ടോര്‍ അടിക്കാതിരിക്കാനായി വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. മകനും കുടുംബവും ഉറങ്ങിയിരുന്ന മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷം വീടിന്റെ വാതിലുകള്‍ എല്ലാം പുറത്ത് നിന്ന് പൂട്ടി. പിന്നാലെ ജനലിലൂടെ പെട്രോള്‍ അകത്തേക്ക് എറിഞ്ഞാണ് ഹമീദ് വീടിന് തീയിട്ടത്. തീ പടര്‍ന്നതോടെ മകനും ഭാര്യയും പേരക്കുട്ടികളും ശുചിമുറിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വെള്ളമില്ലാതിരുന്നതിനാല്‍ അഗ്‌നിക്കിരയാവുകയായിരുന്നു. തീ പടരുന്നത് കണ്ട് നാട്ടുകാര്‍ എത്തിയപ്പോഴും വീടിനുള്ളിലേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു ഹമീദ്.
വര്‍ഷങ്ങളായി ഹമീദിന് മകനോടുളള പകയാണ് ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തില്‍ കലാശിച്ചത്. സ്വത്ത് വീതിച്ചു നല്‍കിയപ്പോള്‍ ഉണ്ടാക്കിയ കരാര്‍ പാലിക്കാത്തതും കൊലക്ക് കാരണമായെന്നാണ് ഹമീദിന്റെ മൊഴി. തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം ഹമീദ് രണ്ട് ആണ്‍ മക്കള്‍ക്കുമായി വീതിച്ചു നല്‍കിയിരിക്കുന്നു.

സംഭവം നടന്ന തറവാട് വീടും അതിനോട് ചേര്‍ന്ന പുരയിടവും മുഹമ്മദ് ഫൈസലിനാണ് നല്‍കിയിരുന്നത്. വാര്‍ധക്യ കാലത്ത് ഹമീദിനെ സംരക്ഷിക്കണമെന്നും പറമ്പിലെ ആദായം ഫൈസലിന് എടുക്കാം എന്നുമായിരുന്നു വ്യവസ്ഥ. എന്നാല്‍ മകന്‍ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഹമീദ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ഭാര്യ മരിച്ചതിന് ശേഷം ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു താമസം. അടുത്ത കാലത്ത് തിരികെ എത്തിയ ശേഷം മക്കളുമായി നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്ന് അയല്‍വാസികളും പറയുന്നു. വീട്ടില്‍ നിരന്തരമുണ്ടാകുന്ന കലഹം കാരണം ഫൈസലും കുടുംബവും പുതിയ വീട് വച്ചിരുന്നു. ഇവിടേക്ക് താമസം മാറാനിരിക്കെയാണ് ഹമീദിന്റെ ക്രൂരതയില്‍ കുടുംബം ഇല്ലാതായത്.

ഇന്നലെ രാവിലെ ഇരുവരും തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. തുടര്‍ന്നാണ് രാത്രി പെട്രോളുമായെത്തി ഹമീദ് വീടടക്കം കത്തിച്ച് കുടുംബത്തെ ഇല്ലാതാക്കിയത്. ഫൈസലിന് ചീനിക്കുഴിയില്‍ പച്ചക്കറി വ്യാപാരമാണ്. മൂത്ത മകള്‍ മെഹര്‍ പ്ലസ്ടുവിനും ഇളയ മകള്‍ അസ്ന ഏഴാം ക്ലാസിലുമായിരുന്നു. ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തപ്പോള്‍ കൊച്ചു മക്കളുടെ മുഖം പോലും ഹമീദ് ഓര്‍ത്തില്ല എന്നതാണ് ഏറെ ഖേദകരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.