ഓസ്റ്റിന്‍: ടെക്‌സാസ് സംസ്ഥാനത്തെ 60 ചതുരശ്ര മൈലിലധികം പ്രദേശത്ത് ആളിപ്പടര്‍ന്ന് 54,000 ഏക്കറില്‍ കനത്ത നാശ നഷ്ടമുണ്ടാക്കുകയും വനിതാ സെര്‍ജന്റിന്റെ ജീവനെടുക്കുകയും ചെയ്ത കാട്ടുതീ ഏറെക്കുറെ നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു.ഡാളസില്‍ നിന്ന് 130 മൈല്‍ പടിഞ്ഞാറ് ഈസ്റ്റ്ലാന്‍ഡ് കൗണ്ടിയിലെയും പരിസരത്തെയും നൂറു കണക്കിനു കുടുംബങ്ങള്‍ക്ക് താല്‍ക്കാലികമായി മാറിത്താമസിക്കേണ്ടിവന്നു. ഗോര്‍മാന്‍ നഗരത്തില്‍ 475 വീടുകള്‍ക്ക് ഒഴിപ്പിക്കല്‍ ഉത്തരവ് നല്‍കിയിരുന്നു.
വിദഗ്ധരുടെ തീപിടിത്ത മുന്നറിയിപ്പ് നിലവിലുള്ള ഒക്ലഹോമ, കന്‍സാസ്, നെബ്രാസ്‌ക എന്നിവിടങ്ങളിലെ 11 കൗണ്ടികളെ ഗവര്‍ണര്‍ ദുരന്ത സാധ്യതാ മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ കാറ്റില്‍ നിന്നുള്ള ഇടവേള ശനിയാഴ്ച തീ നിയന്ത്രണവിധേയമാക്കാന്‍ അഗ്‌നിശമന സേനാംഗങ്ങളെ സഹായിച്ചെന്ന് നാഷണല്‍ വൈല്‍ഡ് ഫയര്‍ കോര്‍ഡിനേറ്റിംഗ് ഗ്രൂപ്പിന്റെ (NWCG) വക്താവ് ഏഞ്ചല്‍ ലോപ്പസ് പോര്‍ട്ടിലോ പറഞ്ഞു. 54,015 ഏക്കര്‍ കത്തിനശിച്ചതായാണ് കണക്ക്.വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് ഈസ്റ്റ്ലാന്‍ഡ് കൗണ്ടി ജഡ്ജി റെക്‌സ് ഫീല്‍ഡ്‌സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കാര്‍ബണ്‍ പട്ടണത്തില്‍ തീപിടുത്തത്തിനിടെ രക്ഷാപ്രവര്‍ത്തനം നടത്തവേയാണ് ഈസ്റ്റ്ലാന്‍ഡ് കൗണ്ടി ഷെരീഫ് ഓഫീസിലെ സെര്‍ജന്റ് ബാര്‍ബറ ഫിന്‍ലി പൊള്ളലേറ്റു മരിച്ചത്. ഇരുപത് വര്‍ഷത്തെ സേവന ചരിത്രമുള്ള പ്രഗത്ഭ സെര്‍ജന്റ് ആയിരുന്നു ബാര്‍ബറ ഫിന്‍ലിയെന്ന് ടെക്സാസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പറഞ്ഞു.അവരുടെ വേര്‍പാടിലുള്ള അനുശോചന സൂചകമായി ഈസ്റ്റ്ലാന്‍ഡ് കൗണ്ടിയില്‍ പതാകകള്‍ താഴ്ത്തിക്കെട്ടാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.