ഓസീസ് ക്രിക്കറ്റ് ഇതിഹാസത്തിന് കുടുംബാംഗങ്ങളുടെ വികാരനിര്‍ഭരമായ യാത്രയയപ്പ്

ഓസീസ് ക്രിക്കറ്റ് ഇതിഹാസത്തിന് കുടുംബാംഗങ്ങളുടെ വികാരനിര്‍ഭരമായ യാത്രയയപ്പ്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം അന്തരിച്ച ഷെയ്ന്‍ വോണിന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വികാരനിര്‍ഭരമായ യാത്രയയപ്പ്. കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും വേണ്ടി മാത്രമായി നടത്തിയ സ്വകാര്യ സംസ്‌കാര ചടങ്ങിലാണ് താരത്തിന് വിട നല്‍കിയത്. മെല്‍ബണിലെ സെന്റ് കില്‍ഡ ഫുട്‌ബോള്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കുടുംബത്തോട് ഏറ്റവും അടുത്ത എണ്‍പതോളം പേരാണ് പങ്കെടുത്തത്.

വോണിന്റെ മൂന്ന് മക്കളായ ജാക്സണ്‍, ബ്രൂക്ക്, സമ്മര്‍, മാതാപിതാക്കളായ കീത്ത്, ബ്രിഗെറ്റ് എന്നിവര്‍ അദ്ദേഹത്തെ അവസാനമായി കാണാന്‍ എത്തിയിരുന്നു. കളിക്കളം സമ്മാനിച്ച ഏക്കാലത്തെയും അടുത്ത സുഹൃത്തുക്കളായ, വിരമിച്ച ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍മാരായ മാര്‍ക്ക് ടെയ്ലര്‍, അലന്‍ ബോര്‍ഡര്‍, മൈക്കല്‍ ക്ലാര്‍ക്ക് എന്നിവരും മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണും താരത്തിന് യാത്ര പറയാന്‍ എത്തിയിരുന്നു.

ബൗളിംഗ് താരങ്ങളായ മെര്‍വ് ഹ്യൂസ്, ഗ്ലെന്‍ മഗ്രാത്ത്, ദീര്‍ഘകാലം വോണിന്റെ സഹതാരങ്ങളായ മാര്‍ക്ക് വോ, ഇയാന്‍ ഹീലി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. വോണിന്റെ അടുത്ത സുഹൃത്തും ടെലിവിഷന്‍ താരവുമായ എഡ്ഡി മക്ഗുയര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

മാര്‍ച്ച് 30നാണ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വോണിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നത്.

മാര്‍ച്ച് നാലിനാണ് ഷെയ്ന്‍ വോണിനെ (52) തായ്‌ലന്‍ഡിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവധി ആഘോഷിക്കാനും ചികിത്സയ്ക്കുമായാണാണ് വോണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം തായ്‌ലന്‍ഡിലെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.