സ്വന്തം സ്ഥലത്ത് ചന്ദനം നടാം, മുറിച്ച് വില്‍ക്കാം; സര്‍ക്കാരിന് ഫീസടച്ചാല്‍ മതി

സ്വന്തം സ്ഥലത്ത് ചന്ദനം നടാം, മുറിച്ച് വില്‍ക്കാം;  സര്‍ക്കാരിന് ഫീസടച്ചാല്‍ മതി

പാലക്കാട്: സ്വന്തം സ്ഥലത്ത് ഇനി ചന്ദന മരങ്ങൾ നടാം. സർക്കാരിന് മാത്രം മുറിച്ചു വിൽക്കാൻ അനുവാദമുള്ള ചന്ദന മരങ്ങൾ സ്വകാര്യ വ്യക്തികൾക്ക് നട്ടുവളർത്തി വിൽക്കാനുള്ള നടപടി ക്രമങ്ങൾക്ക് വനം വകുപ്പ് രൂപം നൽകുന്നു. തടി മുറിച്ചുമാറ്റുന്നതിന് സർക്കാരിന് ഫീസ് അടച്ചാൽ മതി.

ബ്ലാക്ക് വാറ്റിൽ, കാട്ടുമരം, മാഞ്ചിയം, നീർക്കടമ്പ്, പൂച്ചക്കടമ്പ്, വെള്ളീട്ടി തുടങ്ങിയ മരങ്ങൾ മുറിക്കുന്നതിന് ഫീസ് ഈടാക്കാനും തീരുമാനമായി. ഒന്നാംതരത്തിൽപ്പെട്ട ‘വിലായത് ബുദ്ധ’ വിഭാഗം മുതൽ ചന്ദനച്ചീളുവരെ നീളുന്ന 15 വിഭാഗങ്ങളായി തിരിച്ചാണ് ചന്ദനം മുറിക്കുന്നതിന് ഫീസ് കണക്കാക്കിയിട്ടുള്ളതെന്ന് വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസ് അധികൃതർ പറഞ്ഞു.

ഒന്നാംതരം, രണ്ടാംതരം നിലവാരത്തിലുള്ളവയ്ക്ക് കിലോഗ്രാമിന് 14,700 രൂപയാണ് ഫീസ്. ‘പഞ്ചം’ വിഭാഗത്തിൽപ്പെട്ട മൂന്നാംതരത്തിന് 14,000 വും ‘ഗോദ് ല’ വിഭാഗത്തിൽപ്പെട്ട നാലംതരത്തിന് 13,600 രൂപയും ഫീസ് നിശ്ചയിച്ചിട്ടുണ്ട്.
ഗാഡ് ബഡ്‌ല വിഭാഗത്തിൽപ്പെട്ട അഞ്ചാംതരത്തിന് 13,800 രൂപയും മരംമുറി ഫീസായി അടയ്ക്കണം. ചന്ദനപ്പൊടി കിലോഗ്രാമിന് 3,000 രൂപയും ചന്ദനച്ചീളിന് 150 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.

മുന്തിയ ഇനം ചന്ദനം കിലോഗ്രാമിന് 35,000 മുതൽ 40,000 രൂപവരെ പൊതുവിപണിയിൽ വിലയുണ്ട്. തൈലമായി വിദേശ വിപണിയിലെത്തുമ്പോൾ ലിറ്ററിന് 2.28 ലക്ഷം രൂപ വിലവരും. കൃഷി വ്യാപകമാക്കുന്നതിനായി സ്വകാര്യവ്യക്തികൾക്ക് സ്വന്തമായി കൃഷിചെയ്യാനും മുറിച്ചുവിൽക്കാനും കേന്ദ്രസർക്കാർ ഈ വർഷം നിയമങ്ങളിൽ ഇളവ് വരുത്തിയിരുന്നു.

തൈകൾ ഇടുക്കിയിലെ മറയൂരിൽനിന്നടക്കം വിതരണം ചെയ്യും. കൃഷിക്ക് 30 ശതമാനം സബ്സിഡി ആനുകൂല്യങ്ങളുമുണ്ട്. കൃഷി ചെയ്യുന്നതിനോ തൈകൾ നടുന്നതിനോ ലൈസൻസ് വേണ്ട. അടുത്തുള്ള വനംവകുപ്പ് ഓഫീസിൽ രജിസ്റ്റർ ചെയ്യണം.

ചെറുകിട കച്ചവടങ്ങൾ ഉടമകൾക്ക് നേരിട്ട് നടത്താം. കയറ്റുമതി ഇപ്പോഴും സർക്കാർ സംവിധാനങ്ങളിലൂടെ മാത്രമേ സാധ്യമാവു. തടി പാകമായിക്കഴിഞ്ഞാൽ വനംവകുപ്പ് ഓഫീസറുടെ സാന്നിധ്യത്തിൽ മുറിക്കണം. പാസുകളോടുകൂടി മരം അതത് സർക്കാർ സംവിധാനങ്ങളിലേക്ക് അയക്കാം. ഏകീകരിച്ച വിലയ്ക്കാണ് സർക്കാർ തടി എടുക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.