കെ റെയിൽ പ്രതിഷേധം സംസ്ഥാനത്ത് ഒട്ടാകെ പടരുന്നു: കോഴിക്കോടും കോട്ടയത്തും പ്രക്ഷോഭം; മലപ്പുറം തിരുനാവായിൽ സർവേ നടപടികൾ നിർത്തിവെച്ചു

കെ റെയിൽ പ്രതിഷേധം സംസ്ഥാനത്ത് ഒട്ടാകെ പടരുന്നു: കോഴിക്കോടും കോട്ടയത്തും പ്രക്ഷോഭം; മലപ്പുറം തിരുനാവായിൽ സർവേ നടപടികൾ  നിർത്തിവെച്ചു

മലപ്പുറം: സിൽവർ ലൈൻ സർവേക്കെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം തുടരുന്നു. കോഴിക്കോട് വെസ്റ്റ് കല്ലായിലും കോട്ടയം നട്ടാശേരിയിലും എറണാകുളം ചോറ്റാനിക്കരയിലും മലപ്പുറം തിരുനാവായിലും സിൽവർ ലൈൻ സർവേ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ. സർവേ പുനരാരംഭിച്ചാൽ തടയുമെന്ന നിലപാടിലാണ് നാട്ടുകാർ.

കോഴിക്കോട് വെസ്റ്റ് കല്ലായിയിലും കോട്ടയം നട്ടാശേരിയിലും സിൽവർ ലൈനിനെതിരെ നാട്ടുകാർ സംഘടിച്ച് രംഗത്തെത്തിയിരിക്കുകയാണ്. രണ്ട് ദിവത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് ജില്ലയിലെ കല്ലായിൽ സിൽവർ ലൈൻ സർവേയ്ക്കായി ഉദ്യോഗസ്‌ഥരെത്തുന്നത്. ഇവിടെ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ഉദ്യോഗസ്ഥർ ഇവിടെ സ്ഥാപിച്ച കല്ലുകൾ പ്രതിഷേധക്കാർ പിഴുതെറിഞ്ഞിരുന്നു.

ചോറ്റാനിക്കര പഞ്ചായത്തിൽ കെ റെയിൽ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിഞ്ഞു. സർവേയ്ക്കെതിരെ കടുത്ത പ്രതിരോധം തീർക്കാനാണ് സമരസമിതിയുടെ തീരുമാനം. മലപ്പുറം തിരുനാവായിലെ സൗത്ത് പല്ലാറിവും സിൽവർ ലൈൻ സർവേ നടപടികൾ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. ജനങ്ങൾ സംഘടിച്ച് പ്ലക്കാർഡുകളുമായെത്തിയതോടെ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചത്.

സർവേ കല്ലിടലിനെതിരെ മലപ്പുറത്ത് സിപിഐഎം അനുഭാവികൾ ഉൾപെടെ പ്രതിഷേധത്തിലുണ്ട്. പാർട്ടി ഭേദമന്യേ വീടും സ്ഥലവും നഷ്ടപ്പെടുമെന്ന ഭീതിയിൽ ഒത്തുചേർന്ന പ്രതിഷേധക്കാർ സിൽവർലൈൻ പദ്ധതി വേണ്ടെന്ന് ഒന്നടങ്കം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനമാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.

‘എല്ലാ കാലത്തും വോട്ട് ചെയ്തത് സിപിഐഎമ്മിനാണ്. പക്ഷേ സിൽവർ ലൈൻ വേണ്ട. വികസനം വേണ്ട. ആകെ മൂന്ന് സെന്റുള്ളു. അതിൽ നാല് ലക്ഷം രൂപകൊണ്ട് ഒരു വീടുണ്ട്. അത് പോകാൻ പറ്റില്ല. ഞങ്ങൾ തൊഴിലുറപ്പ് ജീവനക്കാരാണ്. രാവിലെ നാല് മണിക്ക് എഴുനേറ്റ് സ്വന്തം വീട്ടിലെ പണി തീർത്ത് മറ്റ് വീട്ടിലും പോയി പണിയെടുത്ത് തൊഴിലുറപ്പിനും പോയി ജീവിക്കുന്ന ആളുകളാണ്. ഇത് കളയാൻ പറ്റില്ല’ എന്ന് മലപ്പുറം തിരുനാവായിൽ പ്രതിഷേധത്തിനെത്തിയ വീട്ടമ്മ വികാരനിർഭരമായി പറഞ്ഞു.

അതേസമയം കല്ല് പിഴുതെറിഞ്ഞതിന്റെ പേരിൽ പാവങ്ങളെ ജയിലിലേക്ക് അയക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. ജയിലിൽ പോകേണ്ടി വന്നാൽ യുഡിഎഫ് നേതാക്കൾ പോകുമെന്നും ഭീഷണിക്ക് മുമ്പിൽ വഴങ്ങില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.