ചില നന്മ നിറഞ്ഞ മനുഷ്യരുണ്ട് സമൂഹത്തില്‍. വാക്കുകള്‍ക്കൊണ്ടോ വര്‍ണ്ണനകള്‍ക്കൊണ്ടോ ഒരിക്കലും അളക്കാന്‍ ആവില്ല അവരിലെ നന്മയെ. ചെറിയൊരു ഉപകാരം ചെയ്യുമ്പോള്‍ പോലും വാട്‌സ്ആപ്പിലും ഫേസ്ബുക്കിലുമെല്ലാം ചിത്രങ്ങള്‍ പങ്കുവെച്ച് വൈറലാകാന്‍ ശ്രമിക്കന്ന കപട നന്മകളേക്കുറിച്ചല്ല, മറിച്ച് ഒരു കൈ ചെയ്യുന്നത് മറുകൈ പോലും അറിയാതരിക്കട്ടെ എന്നു വിശ്വസിച്ച് മറ്റുള്ളവരിലേക്ക് നന്മ ചൊരിയുന്നവരെക്കുറിച്ചാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്നത് അത്തരത്തിലൊരുചിത്രമാണ്. ഒരു അമ്മയ്ക്കും കുഞ്ഞിനും സ്‌നേഹത്തോടെ ഭക്ഷണം വാരിക്കൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥയുടേതായിരുന്നു ഈ ചിത്രം. ബി രാജ്യ എന്നാണ് ഈ പൊലീസ് ഉദ്യോഗസ്ഥയുടെ പേര്.
ഒരിക്കലും വൈറലാകാന്‍ വേണ്ടി ചെയ്തതല്ല രാജ്യ ഈ പ്രവൃത്തി. എന്നാല്‍ അവരിലെ സ്‌നേഹം ആ ചിത്രത്തെ ശ്രദ്ധേയമാക്കി. തെലുങ്കാനയിലാണ് ഈ പൊലീസ് ഉദ്യോഗസ്ഥ. ഡ്യൂട്ടിക്കിടെ ഒരു ദിവസം ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിനെ കണ്ടെത്തിയിരിക്കുന്നു എന്ന ഒരു അറിയിപ്പ് രാജ്യയെ തേടിയെത്തി. സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാജ്യ ചെന്നപ്പോള്‍ കുഞ്ഞിനേയും അമ്മയേയും കണ്ടെത്തുകയായിരുന്നു.
ഭക്ഷണമോ വെള്ളവോ ലഭിക്കാതെ അവശനിലയിലായിരുന്നു ഇരുവരും. പൊലീസ് സ്റ്റേഷനിലെത്തിയ ശേഷം അമ്മയേയും കുഞ്ഞിനേയും രാജ്യ കരുതലോടെ സംരക്ഷിക്കുകയും ചെയ്തു. സനാ ഭാനു എന്നാണ് കുഞ്ഞിന്റെ അമ്മയുടെ പേര് പത്തൊമ്പതുകാരിയാണ് ഇവര്‍. ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ തളര്‍ന്ന അവസ്ഥയിലായിരുന്നു ഈ അമ്മയും കുഞ്ഞും. അമ്മയ്ക്ക് ഭക്ഷണം കൊടുത്തപ്പോള്‍ ആദ്യം കഴിച്ചില്ല. തുടര്‍ന്നാണ് രാജ്യ എന്ന പൊലീസ് ഉദ്യോഗസ്ഥ സ്‌നേഹത്തോടെ ഭക്ഷണം വാരി നല്‍കിയത്.
പതിമൂന്നും പത്തും വയസ്സുള്ള രണ്ട് മക്കളുടെ അമ്മയാണ്. എന്റെ കുട്ടികള്‍ വേദന അനുഭവിക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. അതുകൊണ്ടാണ് കുഞ്ഞിനും അമ്മയ്ക്കും ഭക്ഷണം നല്‍കാന്‍ തോന്നിയതെന്നും രാജ്യ പറയുന്നു. ഒരു സ്ത്രീ എന്ന നിലയിലും ഡ്യൂട്ടിയിലുള്ള കോണ്‍സ്റ്റബിള്‍ എന്ന നിലയിലും ചെയ്യേണ്ടത് മാത്രമേ താന്‍ ചെയ്തിട്ടുള്ളു എന്നു പറഞ്ഞ രാജ്യ തന്റെ ചിത്രം വൈറലാകുമെന്ന് കരുതിയില്ലെന്നും പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.