ജനങ്ങള്‍ വിശുദ്ധനായി ആദരിച്ചു തുടങ്ങിയ വിശുദ്ധ സക്കറിയാസ് മാര്‍പാപ്പ

ജനങ്ങള്‍  വിശുദ്ധനായി ആദരിച്ചു തുടങ്ങിയ  വിശുദ്ധ സക്കറിയാസ് മാര്‍പാപ്പ

അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 22

യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ഉന്നതിക്കായി അത്യധികം അധ്വാനിച്ചിട്ടുള്ള സക്കറിയാസ് മാര്‍പ്പാപ്പ ഇറ്റലിയിലെ കാലാബ്രിയായില്‍ സെവേരിനോ എന്ന സ്ഥലത്തുള്ള ഒരു ഗ്രീക്ക് കുടുംബത്തിലാണ് ജനിച്ചത്. മാര്‍പ്പാപ്പയായ പതിനൊന്നു വര്‍ഷം കൊണ്ട് ചെയ്തു തീര്‍ത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ തീഷ്ണതയും അധ്വാന ശീലവും വ്യക്തമാക്കുന്നു.

വിശുദ്ധ ഗ്രിഗറി മൂന്നാമന്‍ മാര്‍പാപ്പായുടെ പിന്‍ഗാമിയായിരുന്ന അദ്ദേഹം സമാധാന സ്ഥാപകനും ആരെയും മുന്‍വിധിയോടെ കാണാന്‍ ആഗ്രഹിക്കാത്ത വ്യക്തിയുമായിരുന്നു. ലൊംബാര്‍ഡിലെ രാജാവായിരുന്ന ലിയുറ്റ്പ്രാന്‍ഡ് റോം ആക്രമിക്കുവാന്‍ തുടങ്ങിയപ്പോള്‍ മാര്‍പ്പാപ്പ രാജാവിന്റെ പക്കല്‍ സമ്മര്‍ദ്ദം ചെലുത്തി യുദ്ധം ഒഴിവാക്കുകയും 30 വര്‍ഷത്തോളം രാജാവ് കീഴടക്കി വെച്ചിരുന്ന ഭൂപ്രദേശം തിരിച്ചു നേടുകയും ചെയ്തു.

നിരന്തരമായ സന്ധി സംഭാഷങ്ങള്‍ വഴി ഗ്രീക്ക് സാമ്രാജ്യവും ലൊമ്പാര്‍ഡുകളും തമ്മിലുള്ള സമാധാനം പുനസ്ഥാപിക്കുവാന്‍ സക്കറിയാസ് പാപ്പായ്ക്ക് കഴിഞ്ഞു. വാസ്തവത്തില്‍ ലൊംബാര്‍ഡിലെ രാജാവായിരുന്ന വിശുദ്ധ റാച്ചിസിനു ഡൊമിനിക്കന്‍ സഭാ വസ്ത്രം നല്‍കിയത് അദ്ദേഹമാണ്.

വിശുദ്ധ ബോനിഫസിനെ മെയിന്‍സിലെ മെത്രാപ്പോലീത്തയാക്കിയത് വഴി ജര്‍മ്മനിയിലെ സഭാപുനസംഘടനയും ജനങ്ങളുടെ വലിയ തോതിലുള്ള മാനസാന്തരവും സാധ്യമാക്കാന്‍ വിശുദ്ധ സക്കറിയാസിന് കഴിഞ്ഞു. ജര്‍മ്മനിയിലെ അപ്പസ്‌തോലിക പ്രവര്‍ത്തനങ്ങളെ തന്നാലാവും വിധം അദ്ദേഹം സഹായിച്ചു. പാപ്പായായിരിക്കുമ്പോള്‍ അദ്ദേഹം വിശുദ്ധ ബോനിഫസിനെഴുതിയ രണ്ടു എഴുത്തുകള്‍ ഇപ്പോഴും നിലവിലുണ്ട്.

ഇതിനിടെ വിശുദ്ധ സക്കറിയാസ്, വിശുദ്ധ പെട്രോണാക്‌സുമായി ചേര്‍ന്ന് മോണ്ടെകാസിനോ ആശ്രമം പുനസ്ഥാപിക്കുകയും, 748 ല്‍ ആശ്രമ ദേവാലയം അഭിഷേകം ചെയ്യുകയും ചെയ്തു. ഇതിനിടെ അദ്ദേഹം നിരവധി പാവപ്പെട്ടവരെ സഹായിക്കുകയും കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്നും വിഗ്രഹാരാധകരാല്‍ ആട്ടിയോടിക്കപ്പെട്ട കന്യാസ്ത്രീകള്‍ക്ക് അഭയം നല്‍കുകയും ചെയ്തു.

കൂടാതെ വെനീഷ്യക്കാരില്‍ നിന്നും നിരവധി അടിമകളെ മോചനദ്രവ്യം നല്‍കി മോചിപ്പിച്ച അദ്ദേഹം ക്രിസ്ത്യന്‍ അടിമകളെ ആഫ്രിക്കയിലെ മുതലാളികള്‍ക്ക് വില്‍ക്കുന്നത് കര്‍ശനമായി തടഞ്ഞു. വിശുദ്ധ ഗ്രിഗറിയുടെ സംവാദങ്ങള്‍ ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തിയതും സക്കറിയാസ് പാപ്പായാണ്.

752 ല്‍ അദ്ദേഹം കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. സകലരോടും ഒരു പിതാവിനേപ്പോലെ വാല്‍സല്യ പൂര്‍വ്വം പെരുമാറിയത് കൊണ്ടും ആര്‍ക്കും ഒരു ചെറിയ അനീതിക്ക് പോലും ഇടവരുത്തുവാന്‍ അനുവദിക്കാത്തത് കൊണ്ടും സക്കറിയാസ് പാപ്പ മരണപ്പെട്ട ഉടന്‍ തന്നെ ജനങ്ങള്‍ അദ്ദേഹത്തെ ഒരു വിശുദ്ധനായി ആദരിച്ചു തുടങ്ങിയിരുന്നു.

ഔദ്യോഗികമായി മാര്‍ച്ച് 22നാണ് വിശുദ്ധന്റെ തിരുനാള്‍ എങ്കിലും കിഴക്കന്‍ സഭകളില്‍ സെപ്തംബര്‍ അഞ്ചിനാണ് വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. കല്ലിനിക്കായും ബസിലിസായും

2. പാട്രിക്കിന്റെ സഹോദരിയായ ദാരെര്‍കാ

3. ഗലെഷ്യായില്‍ അന്‍സീറായിലെ ബാസില്‍

4. കാര്‍ത്തേജ് ബിഷപ്പായ ദേവോഗ്രാസിയാസ്

5. അങ്കോണയിലെ ഓസിമോ ബിഷപ്പായ ബെന്‍വെന്തൂസ് സ്‌കോത്തിവോളി.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.