നീരുറവകള്‍ മണ്ണില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ ദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ്. ഓരോ തുള്ളി ജലവും പാഴാക്കാതെ ഉപയോഗപ്പെടുത്താനുള്ള ഓര്‍മ്മപ്പെടുത്തല്‍. 1992ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ചേര്‍ന്ന യുഎന്‍ സമ്മേളനത്തിലാണ് 1993 മുതല്‍ ലോക ജല ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.
ഉപയോഗിക്കുന്നതിനേക്കാള്‍ അധികം പാഴാക്കി കളയുന്ന നമ്മള്‍ക്ക് ഒരുതുളളി വെളളമെങ്കിലും നാളേയ്ക്കായി കരുതി വയ്ക്കണം എന്ന അവബോധം ഉണ്ടാക്കാന്‍ കൂടിയാണ് ജലദിനം ആചരിക്കുന്നത്. അടുത്ത മഹായുദ്ധം നടക്കാന്‍ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന വാക്കുകള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് ഓരോ ജലദിനവും കടന്നു പോകുന്നത്.
ഓരോ വര്‍ഷവും ഓരോ സന്ദേശം മുമ്പോട്ടു വെച്ചാണ് ലോക ജലദിനാചരണം നടക്കാറുള്ളത്. ഇത്തവണത്തെ സന്ദേശം ഗ്രൗണ്ട് വാട്ടര്‍, മേക്കിങ് ദി ഇന്‍വിസിബിള്‍ വിസിബിള്‍ ( ഭൂഗര്‍ഭജലം, അദൃശ്യമായതിനെ ദൃശ്യമാക്കുന്നു ) എന്നതാണ്. ഭൂമിയിലെ ശുദ്ധജലത്തിന്റെ ഏറ്റവും വലിയ സ്രോതസായ ഭൂഗര്‍ഭ ജലത്തിന്റെ പ്രാധാന്യം ഉയര്‍ത്തുകയാണ് ഈ നിര്‍ദേശം തെരഞ്ഞെടുത്തതിലൂടെ യുഎന്‍ ഉദ്ദേശിക്കുന്നത്.
ജനസംഖ്യ വര്‍ദ്ധിക്കുകയും ഭൂമിയില്‍ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാന്‍ പോകുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികള്‍ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു.
നമ്മുടെ കുടിവെള്ളം അനുദിനം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. ഇതിനെതിരെ ശാശ്വതമായ പരിഹാരങ്ങള്‍ അനുവര്‍ത്തിക്കാന്‍ നാമെല്ലാവരും പ്രതിജ്ഞാബദ്ധരാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ നിരവധി പദ്ധതികള്‍ ശുദ്ധജലം ലഭ്യമാക്കുന്നതിന് വേണ്ടി ആവിഷ്‌കരിച്ചു വരുന്നുണ്ട്.
എന്നാല്‍ ഇന്നും ഭാരതത്തിലെ പല പ്രദേശങ്ങളിലും, എന്തിന് നമ്മുടെ നാട്ടില്‍ പോലും ജീവന്റെ അടിസ്ഥാന ആവശ്യമായ ശുദ്ധജലം ലഭിക്കാത്ത സ്ഥിതിയുണ്ട്. ഭൂമിയില്‍ ആകെയുള്ള ജല സമ്പത്തില്‍ മൂന്ന് ശതമാനം മാത്രമാണ് ശുദ്ധജലം. ഈ ശുദ്ധ ജലമാണ് ഇന്ന് ലോകത്താകമാനമുള്ള മാനവരാശിയുടെ അടിസ്ഥാനം. ലോകത്തില്‍ 10 ല്‍ എട്ടു പേര്‍ ജലദൗര്‍ലഭ്യം അനുഭവിക്കുന്നു എന്ന കാര്യം നാം മറക്കാതിരിക്കുക. അതുകൊണ്ടു തന്നെ ഓരോ തുള്ളി ജലവും സംഭരിച്ചു വെക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.