തിരുവനന്തപുരം: കെ റെയില്‍ കല്ലിടലിനെതിരെ സംസ്ഥാനത്ത് ഇന്നും പ്രതിഷേധം. കോട്ടയം നട്ടാശേരിയില്‍ ഉദ്യോഗസ്ഥര്‍ കൊണ്ടു വന്ന കല്ല് നാട്ടുകാര്‍ പിഴുത് തോട്ടിലെറിഞ്ഞു. രാവിലെ എട്ടരയോടെ വന്‍ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥര്‍ ഇവിടേക്കെത്തിയത്. ആദ്യം നാട്ടുകാര്‍ സംയമനത്തോടെ ഉദ്യാഗസ്ഥരോട് സംസാരിച്ചെങ്കിലും പിന്നീട് വലിയ രീതിയിലുള്ള പ്രതിഷേധത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു.
കല്ലുകള്‍ തോട്ടിലേക്ക് എറിഞ്ഞതിന് പിന്നാലെ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. സ്ത്രീകളടക്കം നിരവധി പേരാണ് പ്രതിഷേധിക്കാനെത്തിയത്. കുഴി കുത്താനുള്ള ഉപകരണം നാട്ടുകാര്‍ തിരിച്ചെടുപ്പിക്കുകയും ചെയ്തു.
അതേസമയം ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തി. പിഴുതെടുത്ത കല്ലുമായിട്ടാണ് സമരക്കാര്‍ പ്രതിഷേധം നടത്തിയത്. ഓഫീസിന് മുന്നില്‍ വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. സമരത്തിന് പിന്നില്‍ തീവ്രവാദബന്ധമുള്ളവരാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു. അതിന് പിന്നാലെ വ്യാപകമായ രീതിയില്‍ മന്ത്രിക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
കൂടാതെ കോട്ടയം പെരുമ്പായിക്കാട് വില്ലേജിലും തിരുനാവായയിലും രാവിലെ മുതല്‍ പ്രതിഷേധക്കാര്‍ തടിച്ചു കൂടിയിരുന്നു. കല്ലുകള്‍ കൊണ്ടു വന്ന വാഹനത്തിന് മുകളില്‍ കയറിയിരുന്നും പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയും ജനങ്ങള്‍ പ്രതിഷേധിക്കുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ കോഴിക്കോടും ചോറ്റാനിക്കരയിലും ഇന്ന് കല്ലിടല്‍ ഉണ്ടാകില്ല. സര്‍വേ നടപടികള്‍ മാത്രമേ നടത്തൂവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.