ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധന രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. വിദഗ്ധ സംഘത്തിന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് മേല്‍നോട്ട സമതിയുടെ അംഗീകാരം വേണമെന്നും സത്യവാങ്മൂലത്തില്‍ കേരളം ആവശ്യപ്പെട്ടു.
അണക്കെട്ടിനെ സംബന്ധിച്ച കേസിന്റെ അവസാനവാദം സുപ്രീം കോടതിയില്‍ നടക്കാനിരിക്കെയാണ് കേരളം പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സുരക്ഷ പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
അണക്കെട്ടില്‍ പുതിയ സുരക്ഷ പരിശോധന നടത്തണമെന്ന കേന്ദ്ര ജല കമ്മീഷന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ടിനുള്ള മറുപടിയാണ് കേരളത്തിന്റെ സത്യവാങ്മൂലം. സുരക്ഷ സംബന്ധിച്ച് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ജല കമ്മീഷന് അധികാരമില്ല. മേല്‍നോട്ട സമിതിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് തല്‍സ്ഥിതി റിപ്പോര്‍ട്ടെന്നും കേരളം കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാര്‍ ഹര്‍ജികളില്‍ സുപ്രിം കോടതിയിലെ അന്തിമ വാദം കേള്‍ക്കല്‍ നാളെ ആരംഭിക്കും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ വാദം പറയാന്‍ തമിഴ്നാട് സമയം ആവശ്യപ്പെടുകയായിരുന്നു. കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെയും രേഖകളുടെയും പകര്‍പ്പ് ഇന്ന് രാവിലെയാണ് ലഭിച്ചത്.
അത് പരിശോധിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഹര്‍ജികള്‍ നാളെ പരിഗണിക്കണമെന്നും തമിഴ്നാടിന്റെ അഭിഭാഷകന്‍ ശേഖര്‍ നാഫ്ഡെ കോടതിയോട് ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാല്‍പര്യ ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.