ന്യൂഡൽഹി: ഇന്ത്യൻ റോഡുകൾ അമേരിക്കൻ റോഡുകൾക്ക് സമാനമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയപാതാ വികസനത്തിന് ബോണ്ടുകൾ വഴി പണം സമാഹരിക്കുന്നതിനുള്ള പദ്ധതി ഉടൻ നടപ്പാക്കും.
ദേശീയപാതയോരങ്ങളിൽ സ്ത്രീകൾക്കായി 650 ശൗചാലയങ്ങളും മുലയൂട്ടൽ കേന്ദ്രങ്ങളും സ്ഥാപിക്കും. ടോൾ പിരിക്കാൻ ജി.പി.എസ്. സംവിധാനം ഏർപ്പെടുത്തും. 60 കിലോമീറ്ററിനുള്ളിൽ മറ്റൊരു ടോൾ ബൂത്ത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഗതാഗതമന്ത്രാലയത്തിന്റെ ധനാഭ്യർഥനാ ചർച്ചകൾക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ദേശീയപാതാ വികസനത്തിന് ബോണ്ടുകൾ വഴി പണം സമാഹരിക്കാനായി കഴിഞ്ഞവർഷം കൈക്കൊണ്ട തീരുമാനത്തിനു അനുമതിലഭിച്ചാൽ ഉടൻ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. നിക്ഷേപത്തിന് ഏഴു ശതമാനം പലിശനൽകും. സാധാരണക്കാരുടെ പണം രാജ്യത്തെ റോഡുകളുടെ വികസനത്തിനുപയോഗിക്കാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
നവീന സാങ്കേതികവിദ്യയുടെ സഹായത്തോടെ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി അപകടങ്ങൾ ഒഴിവാക്കാൻ 14,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കിവരികയാണ്. രണ്ടു പ്രാവശ്യം അപകടം തുടർച്ചയായുണ്ടാകുന്ന സ്പോട്ടുകളിൽ നടപടികൾ സ്വീകരിക്കും.
ദേശീയപാതയോരങ്ങളിൽ ഭക്ഷണശാലകൾ, ഇന്ധനം നിറയ്ക്കാനുള്ള കേന്ദ്രങ്ങൾ, ട്രോമാ സെന്ററുകൾ തുടങ്ങിയവയും സ്ഥാപിക്കും. അവയവദാനത്തിന്റെ ആവശ്യത്തിനായി എയർ ആംബുലൻസുകളും ഏർപ്പെടുത്തും. ദേശീയപാതയിൽ 28 കേന്ദ്രങ്ങളിൽ വിമാനങ്ങൾക്ക് അടിയന്തര ലാൻഡിങ് സംവിധാനം ഏർപ്പെടുത്തും. അഞ്ചെണ്ണത്തിന്റെ നിർമാണം നടക്കുന്നു. 23 എണ്ണത്തിന് വ്യോമസേനയുടെ അനുമതിലഭിക്കേണ്ടതുണ്ട്. 35 ലോജിസ്റ്റിക്സ് പാർക്കുകൾ രാജ്യവ്യാപകമായി നിർമിക്കാനും പദ്ധതിയുണ്ട്.
രണ്ടുവർഷത്തിനുള്ളിൽ പെട്രോൾ വാഹനങ്ങൾക്ക് തുല്യം വൈദ്യുതവാഹനങ്ങൾ കൊണ്ടുവരും.
ദേശീയപാതയിൽ വാഹനം പ്രവേശിക്കുന്നതും വിട്ടുപോകുന്നതും ജി.പി.എസ്. സംവിധാനത്തിലൂടെ രേഖപ്പെടുത്തും. ടോൾപണം ബാങ്കിൽനിന്ന് നേരിട്ട് ഈടാക്കുന്ന രീതി ഏർപ്പെടുത്തും. 60 കിലോമീറ്ററിനുള്ളിൽ ഒന്നിൽക്കൂടുതൽ ടോൾ ബൂത്തുകൾ പാടില്ല. ഉണ്ടെങ്കിൽ മൂന്നു മാസത്തിനുള്ളിൽ അവയെടുത്തുമാറ്റുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിക്കുശേഷം ധനാഭ്യർഥന ലോക്സഭ പാസാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.