മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്ലി ബാര്‍ട്ടി വിരമിച്ചു. 25-ാമത്തെ വയസിലാണ് ഓസ്ട്രേലിയന്‍ താരം അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. മൂന്നു തവണ ഓസ്ട്രേലിയന്‍ ഗ്രാന്‍സ്ലാം വിജയിയായ ആഷ്‌ലി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നുള്ള തന്റെ പിന്‍മാറ്റത്തെക്കുറിച്ച് അറിയിച്ചത്. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ടു മാസത്തിനുള്ളിലാണ് ആഷ്ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം.
ഇതാണ് കളി മതിയാക്കാനുള്ള ഉചിതമായ സമയമെന്നും തീരുമാനത്തില്‍ സന്തോഷവതിയാണെന്നും വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ആഷ്ലി പറഞ്ഞു. 'ടെന്നീസ് എനിക്ക് സമ്മാനിച്ച എല്ലാത്തിനും വളരെ നന്ദിയുണ്ട്, ഒപ്പം അഭിമാനവും സംതൃപ്തിയും തോന്നുന്നു. എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി'. ഇന്റഗ്രാം പോസ്റ്റില്‍ ആഷ്ലി പറഞ്ഞു.
വിജയതൃഷ്ണ നഷ്ടമായെന്നും ക്ഷീണിതയാണെന്നും ബാര്‍ട്ടി വ്യക്തമാക്കി. 2021-ലെ വിംബിള്‍ടണ്‍ വിജയത്തോടെയാണ് വിരമിക്കാന്‍ ആഷ്ലി ചിന്തിച്ചുതുടങ്ങുന്നത്. 114 ആഴ്ചയായി ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് തുടരുകയാണ് ആഷ്‌ലി ബാര്‍ട്ടി.
അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് ആഷ്‌ലി ബാര്‍ട്ടി തന്റെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഇക്കുറി ചൂടിയിരുന്നു. 1978ന് ശേഷം ചാമ്പ്യനാകുന്ന ആദ്യ ഓസ്ട്രേലിയന്‍ വനിത എന്ന വിശേഷണം ഇതോടെ ബാര്‍ട്ടിക്ക് സ്വന്തമായി. സ്‌കോര്‍ 6-3, 7-6. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും വഴങ്ങാതെയാണ് ബാര്‍ട്ടി കിരീടം സ്വന്തമാക്കിയത് എന്നത് ശ്രദ്ധേയമാണ്. ബാര്‍ട്ടിയുടെ കരിയറിലെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമായിരുന്നു ഇത്. 2019-ല്‍ ഫ്രഞ്ച് ഓപ്പണും കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണും ബാര്‍ട്ടി ഉയര്‍ത്തിയിരുന്നു.
ടെന്നിസില്‍ നിന്ന ഇടക്കാലത്ത് അവധിയെടുത്ത ബാര്‍ട്ടി പ്രഫഷണല്‍ ക്രിക്കറ്ററായി അരങ്ങേറിയിരുന്നു. ഓസ്‌ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ ബ്രിസ്ബന്‍ ഹീറ്റ്‌സിന്റെ താരമായിരുന്നു ബാര്‍ട്ടി. 2014-ല്‍ ബ്രിസ്ബന്‍ ഹീറ്റ്‌സിനായി 10 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ബാര്‍ട്ടിയുടെ ഉയര്‍ന്ന സ്‌കോര്‍ 39 ആണ്. പിന്നീട് ടെന്നിസാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ ബാര്‍ട്ടി വീണ്ടും കോര്‍ട്ടില്‍ തിരിച്ചെത്തിയെങ്കിലും ആദ്യ ഗ്രാന്‍സ്ലാം കിരീട നേട്ടത്തിനായി 2019ലെ ഫ്രഞ്ച് ഓപ്പണ്‍ വരെ കാത്തിരിക്കേണ്ടിവന്നു.
കുടുംബത്തിനു വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നതായി താരം വെളിപ്പെടുത്തിയിരുന്നൃു. അടുത്തിടെ പങ്കാളി ഗാരി കിസ്സിക്കുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
നെറ്റ്ബാളില്‍ നിന്ന് ടെന്നിസിലേക്ക്, പിന്നീട് ക്രിക്കറ്റ്, വീണ്ടും ടെന്നിസിലേക്ക് അങ്ങനെ സ്വപ്നങ്ങള്‍ക്കൊപ്പമായിരുന്നു ബാര്‍ട്ടിയുടെ സഞ്ചാരം. ക്വീന്‍സ്‌ലാന്‍ഡിലെ ഗോത്രവര്‍ഗ കുടുംബത്തില്‍ ജനിച്ച ബാര്‍ട്ടി നാലു വയസുമുതല്‍ റാക്കറ്റേന്താന്‍ തുടങ്ങിയതാണ്.
വിരമിക്കല്‍ പ്രഖ്യാപനത്തിനു പിന്നാലെ താരത്തിന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ക്വീന്‍സ് ലാന്‍ഡ് പ്രീമിയര്‍ അന്നാസ്റ്റാസിയ പാലാസ്സുക്ക് ഉള്‍പ്പെടെയുള്ളവര്‍ ആശംസകള്‍ നേര്‍ന്നു.
'നന്ദി ആഷ്. ഒരു ജനതയെ പ്രചോദിപ്പിച്ചതിന് നന്ദി. നിങ്ങളുടെ നേട്ടങ്ങള്‍ എല്ലാ കാലത്തും ആഘോഷിക്കപ്പെടും. എല്ലാ ഓസ്ട്രേലിയക്കാര്‍ക്കും വേണ്ടി, താങ്കള്‍ക്കും പ്രതിശ്രുത വരന്‍ ഗാരിക്കും പുതിയ ജീവിതത്തിനും എല്ലാ ആശംസകളും നേരുന്നു-ഇതായിരുന്നു സ്‌കോട്ട് മോറിസണ്‍ ട്വിറ്ററില്‍ കുറിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.