ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രധാനപ്പെട്ട മാസ്‌ക് ഇനി നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കേണ്ടതില്ലെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് സംസ്ഥാനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് കത്ത് നല്‍കിയത്.
കോവിഡ് വ്യാപനം തടയാന്‍ 2020 ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാസ്‌ക് നിര്‍ബന്ധമാക്കിയതും കൂടിച്ചേരലുകള്‍ അടക്കമുള്ള ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ കൊണ്ടു വന്നതും. ആ ഉത്തരവിന്റെ കാലാവധി മാര്‍ച്ച് 25 ന് അവസാനിക്കും. ഇതിന് ശേഷം ഈ നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം.
കേന്ദ്ര നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കും. കഴിഞ്ഞ ഏഴ് ആഴ്ചകളായി രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിലും താഴെയാണ്. ഈ സാഹചര്യത്തിലാണ് ദുരന്ത നിവാരണ നിയമപ്രകാരം കൊണ്ടുവന്ന നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ഒഴിവാക്കാം എന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.