മോസ്‌കോ/ ബ്രസ്സല്‍സ്: ഉക്രെയ്നെതിരെ റഷ്യ ശക്തമായ അക്രമണം നടത്തുന്നതിനെതിരെ ഉയരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളത്രയും അടിച്ചൊതുക്കി പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. പ്രധാന എതിരാളിയും പ്രതിപക്ഷ നേതാവുമായ നവാല്‍നിയുടെ തടവുശിക്ഷ 9 വര്‍ഷത്തേക്ക് കൂടി നീട്ടിയതാണ് ഇതില്‍ ഒടുവിലത്തെ സംഭവ വികാസം.പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഏറ്റവും വലിയ ആഭ്യന്തര വിമര്‍ശകനായ നവല്‍നി ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയാണ്.
രാഷ്ട്രീയ പ്രേരിതമായ കോടതി നടപടിയാണ് ക്രെംലിന്‍ വിമര്‍ശകനായ നവാല്‍നിക്കെതിരെ ഉണ്ടായതെന്ന് യൂറോപ്യന്‍ യൂണിയന്‍ ആരോപിച്ചു.'യൂറോപ്യന്‍ യൂണിയന്‍ വിധിയെ ശക്തമായി അപലപിക്കുന്നു...' യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറെല്‍ പ്രസ്താവനയില്‍ പറഞ്ഞു.'റഷ്യയിലെ സിവില്‍ സമൂഹം, സ്വതന്ത്ര മാധ്യമങ്ങള്‍, വ്യക്തിഗത പത്രപ്രവര്‍ത്തകര്‍, മനുഷ്യാവകാശ സംരക്ഷകര്‍ എന്നിവര്‍ക്കെതിരെയുള്ള വ്യവസ്ഥാപിതമായ അടിച്ചമര്‍ത്തലിനെയും യൂറോപ്യന്‍ യൂണിയന്‍ അപലപിക്കുന്നു. നവല്‍നിയെ ഉടനടി നിരുപാധികമായി മോചിപ്പിക്കണമെന്ന റഷ്യന്‍ അധികാരികളോടുള്ള ഞങ്ങളുടെ ആഹ്വാനം ആവര്‍ത്തിക്കുന്നു.'
കഴിഞ്ഞ വര്‍ഷം വിഷം നല്‍കി നടത്തിയ വധശ്രമത്തില്‍ നിന്ന് അത്ഭുതകരമായിട്ടാണ് നവാല്‍നി രക്ഷപെട്ടത്. ചികില്‍സ കഴിഞ്ഞ് അദ്ദേഹം നാട്ടിലെത്തി രാഷ്ട്രീയ പ്രവര്‍ത്തനം വീണ്ടും ശക്തമായതോടെ അഴിമതി ആരോപണം, തട്ടിപ്പ്, കോടതി അലക്ഷ്യം തുടങ്ങിയ കേസുകളിലായി രണ്ടു വര്‍ഷത്തെ കഠിന തടവ് വിധിച്ചു. 9 ലക്ഷം രൂപ പിഴയും വിധിച്ച കോടതി തടവ് ശിക്ഷ വീണ്ടും 9 വര്‍ഷത്തേക്ക് ഇപ്പോള്‍ നീട്ടിയിരിക്കുകയാണ്. 13 വര്‍ഷം തടവ് ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
വിധി കേട്ടതിന് ശേഷം പുടിനെ നിശിതമായി വിമര്‍ശിച്ച നവാല്‍നി റഷ്യന്‍ പ്രസിഡന്റ് സത്യത്തെ ഭയക്കുന്നുവെന്ന് ആരോപിച്ചു. തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കുക എന്ന ഒറ്റ ഉദ്ദേശ്യംം മാത്രമേ പുടിനുള്ളു എന്നും നവാല്‍നി പറഞ്ഞു. കഴിഞ്ഞവര്‍ഷം സൈബീരിയയിലെ വിമാനത്താവളത്തില്‍ വെച്ച് ചായയില്‍ കലര്‍ന്ന വിഷം കഴിച്ചാണ് നവാല്‍നി മരണത്തെ നേരിട്ടത്. ജര്‍മ്മനിയില്‍ നടത്തിയ വിദഗ്ധചികിത്സയ്ക്ക് ശേഷമാണ് നവാല്‍നി രക്ഷപെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.